ഡെറാഡൂൺ: 15 ദിവസമായിട്ടും ഉത്തരാഖണ്ഡിലെ സിൽക്കാരയിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാകാത്ത സാഹചര്യത്തിൽ പുതിയ ആറ് പ്ലാനുകളുമായി രക്ഷാപ്രവർത്തക സംഘം. 41 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങക്കിടക്കുന്നത്. ഇവരുടെ ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവിലെ രക്ഷാപ്രവർത്തനം പാതിവഴിയിൽ നിന്നതോടെ കുത്തനെയുള്ള ഡ്രില്ലിംഗ് പരീക്ഷിക്കുകയാണ്. ഇത് വിജയകരമായി പുരോഗമിക്കുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്. കുത്തനെയുള്ള ഡ്രില്ലിംഗ് പുരോഗമിക്കുമ്പോൾ തന്നെ മറ്റ് അഞ്ച് പ്ലാനുകളും ദുരന്തനിവാരണ സേനയുടെ പക്കലുണ്ട്.
തിരശ്ചീനമായുള്ള മാനുവൽ ഡ്രില്ലിംഗ്, കുത്തനെയുള്ള ഡ്രില്ലിംഗ്, സൈഡിലൂടെയുള്ള ഡ്രില്ലിംഗ്, ബർകോട്ട് സൈഡിൽ നിന്നുള്ള കുത്തനെയുള്ള ഡ്രില്ലിംഗ്, ബർക്കോട്ട് സൈഡ് തകർക്കൽ, ഡ്രിഫ്റ്റ് ടെക്നോളജി എന്നിവയാണ് ആറ് പ്ലാനുകൾ.
തിരശ്ചീനമായുള്ള മാനുവൽ ഡ്രില്ലിംഗ് ആണ് ഇതിൽ ഏറ്റവും മികച്ചത്. എന്നാൽ മെഷീൻ്റെ ഭാഗം ഡ്രില്ലിംഗിനിടെ കുടുങ്ങിക്കിടക്കുകയാണ്. ഇത് പുറത്തെടുത്താൽ മാത്രമേ തിരശ്ചീനമായ ഡ്രില്ലിംഗ് തുടരാനാകൂ. സമയമെടുത്ത് മാത്രമേ ഇത് പൂർത്തിയാക്കാനാകൂ. ഡ്രില്ലിംഗ് പൂർത്തിയായാൽ 800 എം എം പൈപ്പ് ഇതിലൂടെ കടത്തിവിടും. ഇത് നടന്നില്ലെങ്കിൽ 700 എംഎം ന്റെ പൈപ്പാകും കടത്തിവിടുക. കുടുങ്ങിയ മെഷീൻ ഭാഗങ്ങൾ ഇന്ന് പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുത്തനെയുള്ള ഡ്രില്ലിംഗ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 86 മീറ്ററിൽ 15 മീറ്റർ ദൂരം ഡ്രില്ലിംഗ് പൂർത്തിയായി. ഇത് വിജയിച്ചാൽ തൊഴിലാളികളെ ബക്കറ്റ് ഉപയോഗിച്ച് പുറത്തെടുക്കും. ഇതാണ് രണ്ടാമത്തെ മികച്ച മാർഗം. സൈഡിലൂടെ ഡ്രില്ലിംഗ് നടത്തുകയാണ് മറ്റൊരു പദ്ധതി. ഈ രീതി ഇതുവരെ തുടങ്ങിയിട്ടില്ല. ഇത്തരത്തിൽ ഡ്രില്ലിംഗ് ചെയ്യുന്നതിനുള്ള മെഷീൻ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുമില്ല. സിൽക്കാര ഭാഗത്തുനിന്നുള്ള ഡ്രില്ലിംഗ് നേരത്തേ ആരംഭിച്ചെന്നിരിക്കെ തുരങ്കത്തിന്റെ മറുഭാഗമായ ബാർക്കോട്ട് സൈഡിലൂടെയുള്ള തിരശ്ചീനമായ ഡ്രില്ലിംഗ് ആണ് മറ്റൊരു പ്ലാൻ.
ബാർക്കോട്ട് ഭാഗം തകർക്കൽ; തുരങ്കത്തിന്റെ ബാർക്കോട്ട് ഭാഗം ഞായറാഴ്ചയോടെ തകർത്തിട്ടുണ്ട്. ഇതോടെ 1 മുതൽ 12 മീറ്റർ വരെ തുരക്കാൻ കഴിഞ്ഞെന്നുമാണ് ദുരന്ത പ്രതികരണ സേന വ്യക്തമാക്കുന്നത്. ആറാമത്തേതും അവസാനത്തേതുമായ പ്ലാൻ ആണ് ഡ്രിഫ്റ്റ് ടെക്നോളജി. ഡ്രിഫ്റ്റ് ടെക്നോളജി ഉപയോഗിച്ച് തുരങ്കത്തിന്റെ വശങ്ങൾ തകർക്കലാണ് ഈ പദ്ധതി. ആർമി എൻജിനീയർമാർ ഇതിന്റെ ചുമതല വഹിക്കും.