ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുത്താനുള്ള നീക്കം 16-ാം ദിവസവും തുടരുന്നു. ലംബമായ ഡ്രില്ലിങ്ങിനായി രണ്ട് മെഷീനുകൾ കൂടി എത്തിക്കും. ഇതിനിടെ കുത്തനെ താഴോട്ട് 36 മീറ്റർ തുരന്നതായി അധികൃതർ അറിയിച്ചു. തൊഴിലാളികളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കുന്നിൻ്റെ കുത്തനെയുള്ള ഡ്രില്ലിംഗ് ഞായറാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. വളരെ വേഗത്തിൽ മുന്നേറുന്ന ഈ പ്രവര്‍ത്തനമാണ് നിലവിൽ 36 മീറ്റർ തുരക്കൽ പൂർത്തിയാക്കിയിരിക്കുന്നത്. ഇത് വിജയിച്ചാൽ തൊഴിലാളികളെ ബക്കറ്റ് ഉപയോഗിച്ച് പുറത്തെടുക്കാനാണ് പദ്ധതി. തിരശ്ചീന ഡ്രില്ലിംഗിനായി കൊണ്ടുവന്ന അമേരിക്കൻ ഓഗർ പരാജയപ്പെട്ടതിനെ തുടർന്നാണ് കുത്തനെയുള്ള ഡ്രില്ലിങ്ങ് ആരംഭിച്ചത്. ഇതിനായി ലംബമായ ഡ്രില്ലിംഗിനായി പുതിയ മെഷീൻ കൊണ്ടുവരികയായിരുന്നു. ദൗത്യത്തിനിടെ ഓഗർ യന്ത്രം മെറ്റൽ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു.
തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കുത്തനെയുള്ള ഡ്രില്ലിംഗ്; 15 മീറ്റർ തുരന്നു, പ്രതീക്ഷയോടെ...കുത്തനെ തുരക്കുന്നതിനിടയിൽ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കിൽ 100 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ വിലയിരുത്തൽ.
തുരങ്കത്തിലേക്ക് 110 മീറ്റർ തുരന്നാൽ രക്ഷാദൗത്യം വിജയിക്കുമെന്നാണ് എൻഎച്ച്ഐഡിസിഎൽ അധികൃതർ വ്യക്തമാക്കുന്നത്. തൊഴിലാളികളെ പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാര്‍ക്ക് ഓക്സിജനും, ഭക്ഷണവും, വെള്ളവും, മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നത്. ഇതോടെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തായ്ലൻഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്.