ഹൈദരാബാദ്: തിരഞ്ഞെടുപ്പ് നടന്ന എല്ലാ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയേയും സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. സർക്കാർ രൂപീകരിക്കുന്നതിനോ സർക്കാരിനെ താഴെയിറക്കുന്നതിനോ വേണ്ടി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതെങ്കിൽ അതിനെ പിന്തുണക്കില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരിൽ ചിലർ രാജ്യം വിട്ട് പോവുകയും ചെയ്തുവെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. മധ്യപ്രദേശിൽ എന്താണ് സംഭവിച്ചത്?. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നീ മൂന്ന് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പിരിച്ചുവിടുകയുണ്ടായി. ഇതാണോ ജനാധിപത്യം?. രാജസ്ഥാനിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുളള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത വ്രണപ്പെടുകയാണ്. ഇത്തരം കാര്യങ്ങൾ ജനാധിപത്യത്തിന് അപകടകരമാണെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നെങ്കിൽ സംസ്ഥാനം കൂടുതൽ മെച്ചപ്പെടുമായിരുന്നു. 2014 മുതൽ മികച്ച ഭരണം നൽകുന്നതിൽ ബിആർഎസ് സർക്കാർ പരാജയപ്പെട്ടുവെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
രാജസ്ഥാനിൽ 70.35% പോളിങ്; വിജയപ്രതീക്ഷ പങ്കുവെച്ച് കോൺഗ്രസും ബിജെപിയുംരാജസ്ഥാനിൽ 200 നിയമസഭാ മണ്ഡലങ്ങളിൽ 199 ഇടങ്ങളിലായി 70.35% പോളിങ് ആണ് രേഖപ്പെടുത്തിയത്. കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരുന്നത്. 69,114 പൊലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാൻ ഹോം ഗാർഡിനെയും ഫോറസ്റ്റ് ഗാർഡിനെയും ആർഎസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിരുന്നു. രാജസ്ഥാനെ കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിൽ നവംബർ 30ന് ആണ് നിയമസഭാ തിരഞ്ഞെടുപ്പ്.