ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളിൽ നിന്നുള്ള ഡ്രില്ലിങ് പൂർത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള ഒരു പൈപ്പിൻ്റെ വെൽഡിങ്ങ് പൂർത്തിയാക്കലായിരുന്നു അടുത്ത ഘട്ടം. ഇതിനിടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ പുറത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസുകളും സജ്ജമാണ്.
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുത്താനുള്ള നീക്കം 17-ാം ദിവസമാണ് വിജയത്തിലേക്ക് എത്തിയിരിക്കുന്നത്. കുന്നിൻ്റെ കുത്തനെയുള്ള ഡ്രില്ലിംഗ് ഞായറാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. വളരെ വേഗത്തിൽ തുരക്കൽ പൂർത്തീകരിക്കാൻ സാധിച്ചത് രക്ഷാദൗത്യത്തിൽ നിർണ്ണായകമായി. തിരശ്ചീന ഡ്രില്ലിങിനായി കൊണ്ടുവന്ന അമേരിക്കൻ ഓഗർ പരാജയപ്പെട്ടതിനെ തുടർന്നാണ് കുത്തനെയുള്ള ഡ്രില്ലിങ് ആരംഭിച്ചത്. ഇതിനായി ലംബമായ ഡ്രില്ലിംഗിനായി പുതിയ മെഷീൻ കൊണ്ടുവരികയായിരുന്നു. ദൗത്യത്തിനിടെ ഓഗർ യന്ത്രം മെറ്റൽ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളോട് വസ്ത്രങ്ങളും മറ്റും തയ്യാറാക്കി വെക്കാൻ നിർദേശിച്ചിരുന്നു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ചിന്യാലിസൗർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.