ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഒരു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ കുടുങ്ങിക്കിടന്ന 41 പേരെയും പുറത്തെത്തിച്ചിരുന്നു. ഇവർ ഇപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ സിൽക്യാര തുരങ്കം തകർന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ മുഴുവൻ ടണൽ നിർമ്മാണങ്ങളും വിലയിരുത്താൻ തീരുമാനം.
രാജ്യം കണ്ട സങ്കീർണമായ രക്ഷാപ്രവർത്തനമാണ് കഴിഞ്ഞ ദിവസം വിജയം കണ്ടത്. രക്ഷാപ്രവർത്തനം ഉച്ചയോടെ മാനുവൽ ഡ്രില്ലിങ് പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തിൽ അധികം വരുന്ന ആംബുലൻസുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടർമാർ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ടായിരുന്നു. ഒരാളെ പുറത്ത് എത്തിക്കാൻ 4 മിനിറ്റാണ് വേണ്ടി വന്നത്.
രക്ഷാദൗത്യംവിജയത്തിലേക്ക്; അഞ്ച് തൊഴിലാളികളെ പുറത്തെത്തിച്ചു;രണ്ട് മണിക്കൂറിനകം 41പേരും പുറത്തേക്ക്മാനുവൽ ഡ്രില്ലിങിന് ഒപ്പം മല തുരന്നുള്ള ഡ്രില്ലിങ്ങും നടത്തിയെങ്കിലും മലതുരന്നുള്ള ഡ്രില്ലിങ് ഉച്ചയോടെ അവസാനിപ്പിച്ചു. തൊഴിലാളികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്ര മന്ത്രി ജനറൽ വി കെ സിംഗ് എന്നിവർ തുരങ്കത്തിൽ എത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റുമായി ബന്ധുക്കളും സിൽക്യാരയിൽ എത്തിയിരുന്നു.