ഐസ്വാൾ: മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിനെ കടത്തിവെട്ടി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരം പിടിക്കുമെന്ന് ന്യൂസ് 18 പ്രവചനം. സോറം പീപ്പിൾസ് മൂവ്മെന്റ് 17 സീറ്റ് നേടുമെന്നാണ് ന്യൂസ് 18 സർവേ പ്രവചിക്കുന്നത്. സോറംതാംഗയുടെ മിസോ നാഷണൽ ഫ്രണ്ട് 14 സീറ്റുകൾ നേടും. കോൺഗ്രസിന് എട്ട് സീറ്റും ബിജെപിക്ക് ഒരു സീറ്റിലും ഒതുങ്ങേണ്ടി വരുമെന്നാണ് ന്യൂസ് 18 സർവേ പ്രവചിക്കുന്നത്.
ജന് കി ബാത്ത് സര്വേയും സോറം പീപ്പിൾസ് മൂവ്മെന്റ് മിസോറാമിൽ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് 15 മുതല് 25 സീറ്റുകള് നേടുമെന്നും എംഎന്എഫ് പത്ത് മുതല് 14 സീറ്റു വരെ നേടുമെന്നാണ് പ്രവചനം.
എന്നാൽ മിസോ നാഷണൽ ഫ്രണ്ടിനായിരിക്കും മിസോറമിൽ വിജയമെന്ന് എബിപി-സിവോട്ടർ സർവേ ഫലവും ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ ഫലവും പ്രവചിക്കുന്നു. മിസോ നാഷണൽ ഫ്രണ്ടിന് ഭൂരിപക്ഷം കുറയുമെങ്കിലും 15 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് എബിപി-സിവോട്ടർ പ്രവചിക്കുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് 12 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് രണ്ട് മുതൽ എട്ട് സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപി പൂജ്യം മുതൽ അഞ്ച് വരെ സീറ്റുകൾ നേടാനാണ് സാധ്യതയെന്നും എബിപി-സിവോട്ടർ പറയുന്നു.
രാജസ്ഥാനിൽ ബിജെപിയെന്ന് ഉറപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; കോൺഗ്രസിന് ആശ്വാസമായി ഇന്ത്യാ ടുഡേ പ്രവചനം40 അസംബ്ലി സീറ്റുകളുളള മിസോറാമിൽ 14 മുതൽ 18 സീറ്റുകൾ വരെ നേടി എംഎൻഎഫ് അധികാരത്തിലേറുമെന്നാണ് ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ വ്യക്തമാക്കുന്നത്. സോറം പീപ്പിൾസ് മൂവ്മെന്റ് 12 മുതൽ 16 സീറ്റുകൾ വരെ നേടാമെന്നാണ് സിഎൻഎക്സ് സർവേ പ്രവചിക്കുന്നത്. എട്ട് മുതൽ പത്ത് സീറ്റ് വരെ കോൺഗ്രസിന് ലഭിക്കാമെന്നും ബിജെപി രണ്ട് സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.
നവംബർ ഏഴിന് മിസോറാമിലെ 1276 പോളിംഗ് സ്റ്റേഷനുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെയുളള 8,52,088 വോട്ടർമാരിൽ 80.66 ശതമാനം പേരാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മിസോറാമിലെ 11 ജില്ലകളിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് സെർചിപ്പ് ജില്ലയിലാണ്. 84.785 ശതമാനം പേരാണ് സെർചിപ്പിൽ വോട്ട് ചെയ്തത്. മമിത് ജില്ലയിൽ 84.65 ശതമാനം, ഹനഹ്തിയാൽ ജില്ലയിൽ 84.19 ശതമാനം, ലുങ്ലെയ് ജില്ലയിൽ 83.68 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2018 ലെ തിരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് 37.8 ശതമാനം വോട്ട് വിഹിതം നേടിയിരുന്നു. മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റുകൾ നേടി വിജയിക്കുകയുമുണ്ടായി. അന്ന് കോൺഗ്രസിന് അഞ്ച് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് നേടാനായത്.