ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഭൂരിപക്ഷം സര്വ്വെകളും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലും തെലങ്കാനയിലും കോണ്ഗ്രസിനാണ് ഭൂരിപക്ഷം സര്വെകളും വിജയം പ്രവചിച്ചത്. മിസോറാമില് മിസോ നാഷണല് ഫ്രണ്ടും സോറം പീപ്പിള്സ് മൂവ്മെന്റും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് സര്വെകള് വ്യക്തമാക്കുന്നത്.
ഛത്തീസ്ഗഢില് ഭൂപേഷ് ബാഗല് സര്ക്കാര് ഭരണത്തുടര്ച്ച നേടുമെന്നാണ് ഭൂരിപക്ഷം സര്വെകളും പ്രവചിക്കുന്നത്.
ജന് കി ബാത്ത് സര്വ്വേ പ്രകാരം കോണ്ഗ്രസ് 42-53 സീറ്റ് വരെ നേടി അധികാരം നിലനിര്ത്തും. ബിജെപി 34-45 സീറ്റ് വരേയും മറ്റുള്ളവര് മൂന്ന് സീറ്റില് വരേയും വിജയിക്കുമെന്നും സര്വ്വെ പറയുന്നു.
ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോള് ഫലവും കോണ്ഗ്രസിന് അനുകൂലമാണ്. കോണ്ഗ്രസ് 40-50 സീറ്റില് വരേയും ബിജെപി 36-46 സീറ്റില് വരേയും മറ്റുള്ളവര് 1-5 സീറ്റില് വരേയും വിജയിക്കുമെന്നാണ് പ്രവചനം.
സിഎന്എക്സ് സര്വ്വേ പ്രകാരം കോണ്ഗ്രസ് 46-56 സീറ്റ് വരേയും ബിജെപി 30-49 സീറ്റ് വരേയും നേടും. മറ്റുള്ളവര് 3-5 സീറ്റില് വരെ വിജയിക്കുമെന്നാണ് സിഎന്എക്സ് സര്വ്വേ.
എബിപി സി വോട്ടര് സര്വ്വേ ഫലവും ഛത്തീസ്ഗഢില് കോണ്ഗ്രസ് ഭരണം നിലനിര്ത്തുമെന്ന് പ്രവചിക്കുന്നു. കോണ്ഗ്രസിന് 41-53 വരെ സീറ്റുകള് പ്രവചിക്കുമ്പോള് ബിജെപി 36-48 സീറ്റില് വരെ വിജയിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവര് 0-4 സീറ്റില് വരെ വിജയിക്കും.
ഇന്ത്യാ ടുഡേ ചാണക്യാ സര്വ്വേഫലം കോണ്ഗ്രസിന് 57 സീറ്റുകള് പ്രവചിക്കുന്നു. ബിജെപി 33 സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം.
മധ്യപ്രദേശില് ബിജെപിക്ക് ഭരണത്തുടര്ച്ച പ്രവചിക്കുന്നതാണ് ഭൂരിപക്ഷം എക്സിറ്റ് പോള് ഫലങ്ങളും. ഇഞ്ചോടിഞ്ച് മത്സരമാണ് മധ്യപ്രദേശിലെന്ന സൂചനയും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നു.
മധ്യപ്രദേശില് ബിജെപിക്ക് വന് വിജയം പ്രവചിച്ച് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്വ്വേ. 140-162 സീറ്റില് വരെ ബിജെപി വിജയിക്കുമെന്ന് സര്വ്വേ പ്രവചിക്കുന്നു. കോണ്ഗ്രസ് 68-90 സീറ്റില് വരേയും ബിഎസ്പി 0-2 സീറ്റില് വരെയും വിജിക്കുമെന്നാണ് സര്വ്വേ ഫലം. മറ്റുള്ളവര് 0-1 സീറ്റില് വരെ വിജയിക്കും.
കോണ്ഗ്രസ് 110-124 സീറ്റ് വരേയും ബിജെപി 106 മുതല് 116 സീറ്റില് വരേയും വിജയിക്കുമെന്നാണ് ടൈംസ് നൗ ഇടിജി എക്സിറ്റ് പോള് പ്രവചിക്കുന്നത്. കടുത്ത മത്സരം പ്രവചിച്ച മധ്യപ്രദേശില് കോണ്ഗ്രസിന് നേരിയ മേല്കൈ പ്രവചിക്കുന്നതാണ് ടൈംസ് നൗ ഇടിജി എക്സിറ്റ് പോള്.
ഇന്ത്യാ ടിവി സി-സിഎന്എക്സ് സര്വ്വേയും മധ്യപ്രദേശില് ബിജെപിക്ക് മേല്കൈ പ്രവചിക്കുന്നു. ബിജെപിക്ക് 140-159 വരെയും കോണ്ഗ്രസിന് 70-89 സീറ്റ് വരെയുമാണ് ലഭിക്കുക.
ന്യൂസ് 24 ടുഡേസ് ചാണക്യ സര്വ്വേപ്രകാരം സംസ്ഥാനത്ത് ബിജെപി 151 സീറ്റിലും കോണ്ഗ്രസ് 74 സീറ്റിലും മറ്റുള്ളവര് അഞ്ച് സീറ്റും നേടും.
മധ്യപ്രദേശില് റിപ്പബ്ലിക് ടിവി മാട്രിസ് സര്വ്വേ പ്രകാരം 118-130 സീറ്റില് വരെ ബിജെപി വിജയിക്കും. കോണ്ഗ്രസിന് 97-107 സീറ്റ് വരെ നേടും. ബിഎസ് പി പൂജ്യം സീറ്റിലും മറ്റുള്ളവര് രണ്ട് സീറ്റില് വരേയും വിജയിക്കും.
രാജസ്ഥാനില് ബിജെപി അധികാരത്തിലേയ്ക്കെന്ന് പ്രവചിച്ച് ഭൂരിപക്ഷം എക്സിറ്റ് പോള് സര്വേകളും. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ മാത്രമാണ് കോണ്ഗ്രസിന് അധികാരത്തുടര്ച്ച പ്രവചിക്കുന്നത്. രാജസ്ഥാനില് തൂക്ക് സഭയുടെ സാധ്യത തെളിഞ്ഞാല് മറ്റുള്ളവര് നിര്ണ്ണായകമാകുമെന്നും എക്സിറ്റ് പോള് ഫലങ്ങള് സൂചിപ്പിക്കുന്നു.
രാജസ്ഥാനില് ബിജെപിക്ക് ഭരണം പ്രവചിക്കുന്നതാണ് ടൈംസ് നൗ എക്സിറ്റ് പോള് പ്രവചനം. ബിജെപി 108 മുതല് 128 വരെ സീറ്റുകളോടെ അധികാരത്തില് തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. കോണ്ഗ്രസിന് 56 മുതല് 72 വരെ സീറ്റുകളിലും മറ്റുള്ളവര് 13-21 വരെ സീറ്റുകളിലും വിജയിക്കുമെന്നും ടൈംസ് നൗവിന്റെ എക്സിറ്റ് പോള് ഫലം പറയുന്നു.
രാജസ്ഥാനില് ബിജെപി ഭരണത്തിലേക്കെന്നാണ് ന്യൂസ് 18ന്റെ എക്സിറ്റ് പോള് ഫലം നല്കുന്ന സൂചന. ബിജെപിക്ക് 115 സീറ്റുകളും കോണ്ഗ്രസിന് 71 സീറ്റുകളുമാണ് ന്യൂസ് 18ന്റെ എക്സിറ്റ് പോള് പ്രവചിക്കുന്നത്. മറ്റുള്ളവര് 13 സീറ്റുകളില് വിജയിക്കുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
രാജസ്ഥാനില് കോണ്ഗ്രസിന് ആശ്വാസമാകുന്ന ഏക എക്സിറ്റ് പോള് ഫലം ഇന്ത്യാ ടുഡേയുടേതാണ്. കോണ്ഗ്രസ് 86 മുതല് 106 സീറ്റുകള് വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബിജെപി 80 മുതല് 100 സീറ്റുകള് വരെ നേടുമെന്നും മറ്റുള്ളവര് 9 മുതല് 18വരെ സീറ്റുകള് നേടുമെന്നാണ് പ്രവചനം.
രാജസ്ഥാനില് ബിജെപി 115 മുതല് 130 വരെ സീറ്റുകള് നേടുമെന്നാണ് റിപ്പബ്ലിക് ടി വിയുടെ പ്രവചനം . കോണ്ഗ്രസ് 65 മുതല് 75 സീറ്റുകളും മറ്റുള്ളവര്ക്ക് 12 മുതല് 19 വരെ സീറ്റുകളുമാണ് റിപ്പബ്ലിക് ടി വി പ്രവചിക്കുന്നത്.
രാജസ്ഥാനില് 94 മുതല് 114 വരെ സീറ്റുകള് നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് എബിപി സീവോട്ടര് എക്സിറ്റ് പോള് ഫലപ്രവചനം. കോണ്ഗ്രസ് 71 മുതല് 91 വരെ സീറ്റുകളും. മറ്റുള്ളവര് 9 മുതല് 19 വരെ സീറ്റുകളും നേടുമെന്ന് എബിപി സീവോട്ടര് പ്രവചിക്കുന്നു.
തെലങ്കാനയില് കോണ്ഗ്രസിന് വലിയ രീതിയിലുള്ള മുന്നേറ്റമാണ് ഭൂരിപക്ഷം എക്സിറ്റ് പോള് ഫലങ്ങളും പ്രവചിക്കുന്നത്.
ആകെ 119 സീറ്റുകളില് കോണ്ഗ്രസിന് 58 മുതല് 68 വരെ ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടി വി- ജന് കി ബാത്ത് പ്രവചനം. ബിആര്എസിന് 46 മുതല് 56 വരെ സീറ്റുകളും പ്രവചിക്കുന്നു.
63 മുതല് 79 വരെ സീറ്റുകള് കോണ്ഗ്രസ് നേടുമെന്നാണ് ഇന്ഡ്യ ടിവി സിഎന്എക്സ് സര്വേ പ്രവചിക്കുന്നത്. ബിആര്എസിന് 31 മുതല് 47 വരെ സീറ്റുകള് നേടുമെന്നുമാണ് പ്രവചനം.
ടൈംസ് നൗ കോണ്ഗ്രസ് 63 സീറ്റും ബിആര്എസ് 42 സീറ്റും നേടുമെന്നാണ് പ്രവചിക്കുന്നത്.
തൂക്ക് സഭ എന്ന പ്രവചനമാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ഡ്യ സര്വ്വേയുടേത്. ബിആര്എസിന് 48 മുതല് 58 വരെ സീറ്റ് പ്രവചിക്കുമ്പോള് കോണ്ഗ്രസിന് 49 മുതല് 56 വരെ സീറ്റുകളാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്.
മിസോറാമില് തൂക്ക് സഭയെന്ന് എക്സിറ്റ് പോള് പ്രവചനം. ഭരണകക്ഷി മിസോറാം നാഷണല് ഫ്രണ്ടും സോറം പീപ്പിള്സ് മൂവ്മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്നും എക്സിറ്റ് പോള് ഫലങ്ങള് സൂചിപ്പിക്കുന്നു.
മിസോ നാഷണല് ഫ്രണ്ടിനായിരിക്കും മിസോറാമില് വിജയമെന്ന് എബിപി-സിവോട്ടര് സര്വേ, ഇന്ഡ്യ ടിവി സിഎന്എക്സ് സര്വേ, റിപ്പബ്ലിക് മാട്രിസ് സര്വേ, ടൈംസ് നൗ ഇടിജി സര്വേ എന്നിവ പ്രവചിക്കുന്നു. എന്നാല് ജന് കി ബാത്ത് സര്വേ, ന്യൂസ് 18 സര്വേയും സോറം പീപ്പിള്സ് മൂവ്മെന്റ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.