തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള് കോൺഗ്രസിനേറ്റത് കനത്ത തിരിച്ചടി. വിഭാഗീയതയും അമിത ആത്മവിശ്വാസവും ഒരുപോലെ കോൺഗ്രസിനെ തോൽപ്പിച്ചു. ജനവിധി അംഗീകരിക്കുന്നു എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം നടത്തുമെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ബുധനാഴ്ച ഇന്ഡ്യ മുന്നണി യോഗം ചേരും.
കഴിഞ്ഞ അഞ്ച് വർഷവും നേതാക്കൾ പരസ്പരം കലഹിച്ച രാജസ്ഥാൻ, അമിത ആത്മവിശ്വാസത്തിൽ വൻ വിജയം പ്രതീക്ഷിച്ച ഛത്തീസ്ഗഢ്, രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്ടമായി. 130 ൽ അധികം സീറ്റ് നേടി മധ്യപ്രദേശ് തിരിച്ചു പിടിക്കും എന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ അവിടെയും പാർട്ടി പരാജയത്തിലേക്ക് കൂപ്പ് കുത്തി. ഇതിനിടയിൽ അല്പം ആശ്വാസം നൽകിയത് തെലങ്കാനയിലെ വിജയം മാത്രമാണ്.
ഭാരത് ജോഡോ യാത്ര നൽകിയ ഊർജം പാർട്ടിക്ക് ഏറെക്കുറെ നഷ്ടമായി. ഇനി വെല്ലുവിളി ലോക്സഭാ തെരഞ്ഞെടുപ്പാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ രാഹുൽ പോരാട്ടത്തിനിറങ്ങുമ്പോൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ടായിരുന്നു. 2024 ലേക്ക് എത്തുമ്പോൾ ഇന്ഡ്യ മുന്നണിയെ നയിക്കാനുള്ള കരുത്തും കോൺഗ്രസിന് നഷ്ടമായി.
ബുധനാഴ്ച ചേരുന്ന ഇന്ഡ്യ മുന്നണി യോഗത്തിൽ പല സംസ്ഥാനങ്ങളിലും സഖ്യ സാധ്യത തകർത്ത കോൺഗ്രസിന് മറ്റ് പാർട്ടികളോട് മറുപടി പറയേണ്ടി വരും. ജനവിധി അംഗീകരിക്കുന്നു എന്ന് പ്രതികരിച്ച രാഹുൽ ഗാന്ധി തെലങ്കാനയിൽ വാഗ്ദാനങ്ങൾ നിറവേറ്റും എന്ന് വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നത് ആയിരുന്നില്ല എന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.