ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിനെ പിന്നിലാക്കി പാർട്ടി മുന്നേറുന്നതിനിടെ കരുനീക്കങ്ങളുമായി സജീവമാണ് കോൺഗ്രസ് കർണാടക അധ്യക്ഷനും തെലങ്കാനയിലെ ചുമതലക്കാരനുമായ ഡി കെ ശിവകുമാർ. തങ്ങളുടെ എംഎൽഎമാരെ ബിആർഎസ് ചാക്കിട്ടുപിടിക്കാതിരിക്കാൻ മികച്ച സുരക്ഷാ പദ്ധതിയാണ് ഡികെ തയ്യാറാക്കിയിരിക്കുന്നതെന്ന് സൂചനകൾ പുറത്തുവന്നു.
ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവു കോൺഗ്രസ് നേതാക്കളെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ഡി കെ ശിവകുമാർ ആരോപിക്കുന്നു. കെസിആര് തങ്ങളെ സമീപിച്ചതായി പല കോൺഗ്രസ് സ്ഥാനാർത്ഥികളും പാർട്ടിയെ അറിയിച്ചു. ഒരു കോൺഗ്രസ് നേതാവിനെയും വിലയ്ക്കെടുക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് പാർട്ടി മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം രാവിലെ പറഞ്ഞിരുന്നു.പിന്നാലെയാണ് കോൺഗ്രസ് എംഎൽഎമാർക്കായി റിസോർട്ടും ആഢംബര ബസുകളും തയ്യാറാക്കിയതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില് 10 മന്ത്രിമാര് ഹൈദരാബാദില് എത്തിയിട്ടുണ്ട്. തെലങ്കാനയിലെ എംഎല്എമാരെ സംരക്ഷിച്ച് നിര്ത്തുക എന്ന ലക്ഷ്യവുമായാണ് സംഘം ഹൈദരാബാദിലെത്തിയത്. തെലങ്കാനയിൽ കോൺഗ്രസ് വിജയിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ നേതാക്കളെ ഒപ്പം നിർത്താൻ എഐസിസി ശിവകുമാറിനെ ചുമതപ്പെടുത്തിയിരുന്നു.
പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകുമോ?ഓരോ എംഎൽഎ സ്ഥാനാർഥികൾക്കും തുണയായി ഒരു പ്രവർത്തകൻ എന്ന നിലയില് വലിയ സുരക്ഷാ പ്ലാനിംഗ് ആണ് കോണ്ഗ്രസിനുള്ളതെന്നാണ് വിവരം. ബിആർഎസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ബസുകൾ തയ്യാറാക്കിയത്. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള് മാത്രമാണെന്ന് ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസംതെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആണ് നടക്കുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്.