രേവന്ത് റെഡ്ഡി; ദ റിയല് ആർആർ

കെസിആറിന്റെ തെലുങ്കു ദേശം പാര്ട്ടിയില് രാഷ്ട്രീയം പയറ്റിതെളിഞ്ഞ രേവന്ത് റെഡ്ഡി ചേക്ക് വിട്ട് കോണ്ഗ്രസിലെത്തിയത് 2017 ലാണ്

dot image

ന്യൂഡല്ഹി: മൂന്നാം ടേം പ്രതീക്ഷിച്ചിരിക്കുന്ന കെസിആറിന്റെ ഗെയിം അട്ടിമറിച്ച് തെലങ്കാനയില് കോണ്ഗ്രസ് മുന്നേറുമ്പോള് ഉയരുന്നത് ഒരു പേരുമാത്രം, ആര്ആര്. ദക്ഷിണേന്ത്യയില് കാവി പടരില്ലെന്ന് തീരുമാനിച്ച ഒരു ജനതയ്ക്ക് മുന്നിലേക്ക് 54 കാരനായ രേവന്ത് റെഡ്ഡി ഗെയിം ചേഞ്ചറായി മാറുന്ന കാഴ്ച്ചയാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള് കാണുന്നത്. ആകെയുള്ള 119 സീറ്റില് കോണ്ഗ്രസ് 65 സീറ്റിലും ബിആര്എസ് 39 സീറ്റിലുമാണ് മുന്നേറുന്നത്. ബിജെപി കഴിഞ്ഞതവണത്തേതിനേക്കാള് സീറ്റ് നില മെച്ചപ്പെടുത്തിയെന്ന് തോന്നിക്കുന്നവിധം ഒന്പത് സീറ്റിലും മുന്നേറുന്നു.

കെസിആറിന്റെ തെലുങ്കു ദേശം പാര്ട്ടിയില് രാഷ്ട്രീയം പയറ്റിതെളിഞ്ഞ രേവന്ത് റെഡ്ഡി ചേക്ക് വിട്ട് കോണ്ഗ്രസിലെത്തിയത് 2017 ലാണ്. 2021 ല് പാര്ട്ടി അധ്യക്ഷപദവിയിലേക്ക് രേവന്ത് റെഡ്ഡി എത്തുമ്പോള് അത് കോണ്ഗ്രസിന് പുതുജീവന് നല്കല് കൂടിയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്ന്ന് അധ്യക്ഷന് ഉത്തംകുമാര് റെഡ്ഡി രാജിവെച്ചതോടെയാണ് രേവന്ത് റെഡ്ഡിയുടെ എന്ട്രി.

പിന്നീട് റെഡ്ഡിയെ ജനം തെരുവിലാണ് കണ്ടത്. ആള്കൂട്ടത്തിന് നടുവില്. ബിആര്എസ് സര്ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളികത്തിക്കാന് കോണ്ഗ്രസ് പ്രവര്ത്തകര്ക്കൊപ്പം രേവന്ത് റെഡ്ഡി മുന്നിലുണ്ടായിരുന്നു. പ്രാദേശിക നേതാക്കളുടെ ദൃശ്യപരത ഫലം കണ്ട കര്ണാടകയിലെ പാഠം ഉള്ക്കൊണ്ട്, പാര്ട്ടിക്കുള്ളിലെ എതിരാളികളുടെ പ്രതിഷേധം വകവെക്കാതെ കോണ്ഗ്രസ് നേതൃത്വവും റെഡ്ഡിക്കൊപ്പമുണ്ടായിരുന്നു. വലിയ റാലികളെ അഭിസംബോധന ചെയ്യുകയും പാര്ട്ടിയുടെ ദേശീയ മുഖങ്ങള്ക്കൊപ്പം നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്ത രേവന്ത് റെഡ്ഡി ഒരു ക്രൗഡ് പുള്ളറായി മാറി.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

2014 ല് ആന്ധ്രാപ്രദേശില് നിന്ന് തെലങ്കാന വിഭജിക്കപ്പെട്ടതുമുതല് പാര്ട്ടിക്ക് വോട്ട് ചെയ്ത ബിആര്എസ് കോട്ടയായ കാമറെഡ്ഡിയിലും മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ കൊടംഗലിലും രേവന്ത് റെഡ്ഡി മുന്നേറുകയാണ്. കെസിആറിനെതിരെ തന്നെ ഹൈക്കമാന്ഡ് റെഡ്ഡിയെ തിരഞ്ഞെടുത്തതും കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് വിലയിരുത്തല്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം കൂടി കണക്കിലെടുത്ത് തെലങ്കാനയില് ത്രികോണമത്സരം പ്രതീക്ഷിച്ചവര്ക്ക് യഥാര്ത്ഥത്തില് തെറ്റി. രേവന്ത് റെഡ്ഡിയും കെസിആറും തമ്മിലായിരുന്നു മത്സരമെന്ന് ഫലം കാണിക്കുന്നു.

അന്തിമ ഫലം വരുമ്പോള് കോണ്ഗ്രസ് 70 സീറ്റില് വിജയിക്കുമെന്ന് തെലങ്കാനയുടെ ചുമതലയിലുള്ള കോണ്ഗ്രസ് നിരീക്ഷകന് മണിക്റാവു താക്കറെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us