തെലങ്കാന: തെലങ്കാനയിലെ കോൺഗ്രസ് - ബിആർഎസ് പോരാട്ടത്തിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. തെലങ്കാന രൂപീകൃതമായതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൽ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. കോൺഗ്രസിനെ പരാജയപ്പെടുത്തി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് ബിആർഎസ്. 119 നിയമസഭാ സീറ്റുകളുള്ള തെലങ്കാനയിൽ നവംബർ 30 ന് നടന്ന വോട്ടെടുപ്പിൽ 71.34 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിപുലമായ പ്രചാരണമാണ് നടത്തിയത്. തെലങ്കാനയിൽ ബിആർഎസിന്റെ കുതിരക്കച്ചവട രാഷ്ട്രീയം അടക്കം കോൺഗ്രസ് ആരോപിക്കുന്നുണ്ട്. തൊഴിലില്ലായ്മ, അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക പ്രശ്നങ്ങളും കെസിആർ സർക്കാർ പരിഹരിക്കുന്നില്ലെന്ന് കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.
ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപസമയത്തിനകംമുഖ്യമന്ത്രിയും ബിആര്എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര് റാവു രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഗജ്വെല്, കാമറെഡ്ഡി എന്നിവിടങ്ങളിലാണ് കെസിആര് മത്സരിക്കുന്നത്. 2018-ലെ തിരഞ്ഞെടുപ്പില് ഗജ്വേലില് 58,000 വോട്ടുകള്ക്കാണ് കെസിആര് വിജയിച്ചത്. ഗജ്വേലിയില് ബിജെപി നേതാവ് എടേല രാജേന്ദറിനെതിരെയും കാമറെഡ്ഡിയില് കോണ്ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന് രേവന്ത് റെഡ്ഡിക്കെതിരെയുമാണ് കെസിആറിന്റെ പോരാട്ടം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തത്സമയ വിവരങ്ങള് റിപ്പോര്ട്ടര് ടിവിയിലും റിപ്പോര്ട്ടര് വെബ്സൈറ്റിലും ലഭ്യമാകും.