ശക്തികേന്ദ്രങ്ങളില് പാരമ്പര്യ വോട്ട് ബാങ്കുകള് കോണ്ഗ്രസിനെ കൈവിട്ടു

ഒബിസി, ദളിത്, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയാണ് രാജസ്ഥാനില് കോണ്ഗ്രസിന്റെ കരുത്ത്. ഒബിസി വോട്ട് ബാങ്കിന്റെ സാമുദായിക സമവാക്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നേതൃനിരയും രാജസ്ഥാനില് കോണ്ഗ്രസിനുണ്ടായിരുന്നു

dot image

ജെയ്പൂർ: ശക്തികേന്ദ്രങ്ങളില് കോണ്ഗ്രസിനെ കൈവിട്ട് പാരമ്പര്യ വോട്ട് ബാങ്കുകള്. ഒബിസി, ദളിത്, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയാണ് രാജസ്ഥാനില് കോണ്ഗ്രസിന്റെ കരുത്ത്. ഒബിസി വോട്ട് ബാങ്കിന്റെ സാമുദായിക സമവാക്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു നേതൃനിരയും രാജസ്ഥാനില് കോണ്ഗ്രസിനുണ്ടായിരുന്നു. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് മാലി വിഭാഗത്തില് നിന്നുള്ള നേതാവാണ്. പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര ജാട്ട് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. സച്ചിന് പൈലറ്റ് ഗുജ്ജര് വിഭാഗത്തില് നിന്നുള്ള നേതാവാണ്. രാജസ്ഥാനിലെ ഒബിസി വിഭാഗങ്ങളില് തന്നെ പ്രബല വിഭാഗങ്ങളാണ് ജാട്ട്, മാലി, ഗുജ്ജര് വിഭാഗങ്ങള്.

കോണ്ഗ്രസിന്റെ ഏറ്റവും ശക്തമായ വോട്ട്ബാങ്ക് ജാട്ട് വിഭാഗമാണ്. എന്നാല് ഇത്തവണ ജാട്ട് വിഭാഗം കോണ്ഗ്രസിനെ കൈവെടിഞ്ഞുവെന്നാണ് രാജസ്ഥാന് ഫലങ്ങള് വ്യക്തമാക്കുന്നത്. ജാട്ടുകള്ക്ക് സ്വാധീനമുള്ള 35 സീറ്റുകളില് 25 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. കോണ്ഗ്രസിന് ലഭിച്ചത് 8 സീറ്റുകളാണ്. മറ്റുള്ളവര് രണ്ട് സീറ്റുകളില് വിജയിച്ചു. പ്രധാനമായും മാര്വാഡ് മേഖലയില് വരുന്നവയാണ് ഈ മണ്ഡലങ്ങള്.

കോണ്ഗ്രസിനെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗമാണ് ഗുജ്ജറുകള്. ഗുജ്ജറുകള്ക്ക് സ്വാധീനമുള്ള 39 മണ്ഡലങ്ങളില് 22 എണ്ണത്തിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. കോണ്ഗ്രസ് 13 മണ്ഡലങ്ങളില് വിജയിച്ചപ്പോള് ബിഎസ്പി 1 സീറ്റിലും മറ്റുള്ളവര് 3 സീറ്റുകളിലും വിജയിച്ചു.

കോണ്ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം വിഭാഗത്തിന് സ്വാധീനമുള്ള 21 മണ്ഡലങ്ങളാണ് രാജസ്ഥാനിലുള്ളത്. ഇതില് 12 സീറ്റുകളില് ബിജെപി വിജയിച്ചപ്പോള് ഏഴു സീറ്റുകളിലാണ് കോണ്ഗ്രസിന് വിജയിക്കാന് സാധിച്ചത്. 2 സീറ്റില് മറ്റുള്ളവര് വിജയിച്ചു. എല്ലാവിഭാഗങ്ങള്ക്കും പൊതുസ്വാധീനമുള്ള 140 സീറ്റുകളില് ബിജെപി 81 എണ്ണത്തില് വിജയിച്ചപ്പോള് കോണ്ഗ്രസിനൊപ്പം നിന്നത് 48 മണ്ഡലങ്ങളാണ്. ബിഎസ്പി 2 മണ്ഡലങ്ങളില് വിജയിച്ചപ്പോള് മറ്റുള്ളവര് 9 എണ്ണത്തിലും വിജയം നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us