രാജസ്ഥാനില് ബിജെപി അധികാരം ഉറപ്പിക്കുമ്പോള് മുഖ്യമന്ത്രിയാര് എന്ന ചോദ്യം സജീവമാണ്. 2003 മുതല് 2018 വരെ അധികാരം കിട്ടിയ ഘട്ടത്തിലൊന്നും രാജസ്ഥാനിലെ ബിജെപിയില് മുഖ്യമന്ത്രിയാര് എന്ന ചോദ്യം ഉയര്ന്നിരുന്നില്ല. വസുന്ധരെ രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി ഉയര്ത്തിക്കാണിച്ചായിരുന്നു 2003ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ബിജെപി രാജസ്ഥാനില് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല് ഇത്തവണ കാര്യങ്ങള് വ്യത്യസ്തമായിരുന്നു. സംസ്ഥാനത്തെ ഏതെങ്കിലും നേതാവിന് വേണ്ടി വോട്ടുചെയ്യുക എന്ന പരമ്പരാഗത മുദ്രാവാക്യത്തില് നിന്നും നരേന്ദ്രമോദിക്ക് വേണ്ടി വോട്ട് എന്ന ദേശീയ കാഴ്ചപ്പാട് തന്നെയാണ് രാജസ്ഥാനിലും ഇത്തവണ ബിജെപി മുന്നോട്ടുവച്ചത്. ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടികയില് പോലും വസുന്ധരെയ്ക്ക് ഇടം നല്കാതെ കേന്ദ്രനേതൃത്വം കൃത്യമായ സന്ദേശം രാജസ്ഥാനിലെ പാര്ട്ടി അണികള്ക്ക് നല്കുകയും ചെയ്തു.
രാജ്യവര്ദ്ധന് സിങ്ങ് റാത്തോഡ്, ദിയാ കുമാരി അടക്കം ഏഴ് എംപിമാരെ ഉള്പ്പെടുത്തിയാണ് ബിജെപിയുടെ ആദ്യപട്ടിക പുറത്ത് വന്നത്. ആദ്യപട്ടികയില് തന്നെ വസുന്ധരെ രാജെ സിന്ധ്യയുടെ അടുത്ത അനുയായികളായ നര്പത് സിംഗ് രാജ്വി, രാജ്പാല് സിംഗ് ഷെഖാവത്ത് എന്നിവരുടെ പേര് ബിജെപി കേന്ദ്രനേതൃത്വം വെട്ടിയിരുന്നു. ഇതില് രാജ്പാല് സിങ്ങ് ഷെഖാവത്തിന്റെ മണ്ഡലത്തിലേക്കായിരുന്നു രാജ്യവര്ദ്ധന് സിങ്ങ് റാത്തോഡിനെ പരിഗണിച്ചത്.
അതിനാല് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ ഘട്ടത്തിലൊന്നും രാജസ്ഥാനില് ബിജെപി അധികാരത്തിലെത്തിയാല് ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് വസുന്ധരെയെന്ന ഉത്തരം പാർട്ടി നേതൃത്വവും അണികളും ഉറപ്പോടെ പറഞ്ഞിരുന്നില്ല. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില് മറ്റുപേരുകള്ക്കൊപ്പം വസുന്ധരെയുടെ പേരും ഉയര്ന്നു കേള്ക്കുന്നു എന്ന് മാത്രം.
രാജ്യവര്ദ്ധന് സിങ്ങ് റാത്തോഡിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്ന്നു കേള്ക്കുന്നുണ്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിന്റെ പേരും പ്രാധാന്യത്തോടെ അന്തരീക്ഷത്തിലുണ്ട്. ആൽവാറിൽ നിന്നും വിജയിച്ച ബാബ ബാലക്നാഥിൻ്റെ പേരും മുഖ്യമന്ത്രി സാധ്യതയിൽ മുന്നിലാണ്. റോഹ്തക്കിലെ ബാബ മസ്ത്നാഥ് മഠത്തിൻ്റെ തലവൻ എന്ന നിലയിൽ ബാലക് നാഥ് രാജസ്ഥാനിലെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ മുഖമായി ഉയർന്നുവരാൻ സാധ്യതയുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്.
റെയില്വെ വകുപ്പ് മന്ത്രി അശ്വിനി വൈഭവിന്റെ പേരും ഭാവി മുഖ്യമന്ത്രി പദവിയിലേക്ക് ഉയരുന്നുണ്ട്. മുന് ഐഎഎസ് ഉദ്യോഗസ്ഥാനായിരുന്ന വൈഭവ് അദ്ദേഹത്തിന്റെ സേവനകാലം ഏതാണ്ട് പൂര്ണ്ണമായി ചെലവഴിച്ചത് ഒറീസയിലാണ്. രാജസ്ഥാനിലെ പ്രാദേശിക രാഷ്ട്രീയത്തില് അപരിചിതനാണെന്നതാണ് അശ്വിനി വൈഭവിനുള്ള പ്രധാന തടസ്സം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്ക്കം രൂക്ഷമായാല് കോട്ടയില് നിന്നുള്ള ശക്തനായ നേതാവ് ലോക്സഭാ സ്പീക്കര് ഓം ബിര്ള കേന്ദ്രനേതൃത്വത്തിന്റെ പ്രതിനിധിയെന്ന നിലയില് മുഖ്യമന്ത്രി പദത്തില് അവരോധിക്കപ്പെട്ടേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. വനിതാ മുഖ്യമന്ത്രിയെന്ന ചര്ച്ച ഉയര്ന്ന് വന്നാല് ദിയാ കുമാരിക്കും സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തില് കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില് മടങ്ങിയെത്തിയേക്കാനുള്ള സാധ്യതയാണുള്ളത്. അതിനാല് തന്നെ കേന്ദ്ര നേതൃത്വം എന്ത് തീരുമാനം എടുത്താലും അതിനെ വെല്ലുവിളിക്കാന് തല്ക്കാലം വസുന്ധരെ തയ്യാറായേക്കില്ല. മോദി-അമിത്ഷാ ദ്വയത്തിന് വസുന്ധരെ അസ്വീകാര്യയാണ്. അതിനാല് തന്നെ ഇനിയൊരു ഊഴം വസുന്ധരെയ്ക്ക് ലഭിക്കണമെങ്കില് ഇപ്പോള് നേടിയ വിജയത്തിന് പിന്നില് വസുന്ധരെ പ്രഭാവമുണ്ടായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം അതേ നിലയില് തിരിച്ചറിയേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില് രാജസ്ഥാനിലെ അടക്കം വിജയം നരേന്ദ്ര മോദിയുടെ വിജയമായാണ് ബിജെപി ചിത്രീകരിക്കുന്നത്. അതിനാല് തന്നെ വസുന്ധരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെങ്കില് അന്തിമമായി നരേന്ദ്ര മോദി തന്നെ അതിന് പച്ചക്കൊടി കാണിക്കേണ്ടതുണ്ട്.