ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി ബിജെപി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഒന്നിലധികം പേരുകളാണ് പരിഗണനയിലുണ്ട്. ഭരണത്തുടർച്ച നേടിയ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് സാധ്യത.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ആധികാരിക വിജയത്തിന് പിന്നാലെ എത്രയും വേഗം മുഖ്യമന്ത്രിമാരെ കണ്ടെത്താനാണ് ബിജെപി നീക്കം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാവുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും. രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, പ്രതിപക്ഷ നേതാവ് രാജേന്ദ്ര സിങ് റത്തോഡ്, ബാബ ബാലക്നാഥ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വസുന്ധരാ രാജെ സിന്ധ്യയോട് ദേശീയ നേതൃത്വത്തിനുള്ള അതൃപ്തി മറ്റ് പേരുകളിലേക്ക് എത്തിച്ചേക്കാം. എംഎൽഎമാരുടെ അഭിപ്രായവും നിർണായകമാകും.
ഛത്തീസ്ഗഢിൽ മുൻമുഖ്യമന്ത്രി രമൺ സിംഗ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ അരുൺ സാഹോ എന്നിവർക്കാണ് പ്രഥമ പരിഗണന. തുടർഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ്, ബിജെപിയുടെ കീഴ്വഴക്കം. അതുകൊണ്ട് മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്നെയാണ് മുൻതൂക്കം. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, പ്രഹ്ളാദ് പട്ടേൽ എന്നിവരുടെ പേരുകളും ബിജെപി പട്ടികയിലുണ്ട്.
തെലങ്കാനയിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. കോൺഗ്രസ് വിജയിച്ച തെലങ്കാനയിൽ സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഢിയെ മുഖ്യമന്ത്രിയാക്കാനാണ് സാധ്യത. കോൺഗ്രസ് നിയമസഭ കക്ഷി നേതാവായിരുന്ന മല്ലു ഭട്ടി വിക്രമാർക്കയുടെ പേരും പരിഗണനയിലുണ്ട്. ഹൈദരാബാദിൽ ചേർന്ന നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി.