'മിഗ്ജോം' തീവ്ര ചുഴലിക്കാറ്റായി; വെള്ളത്തിനടിയിലായി ചെന്നൈ നഗരം, ജാഗ്രതാനിർദേശം

'മിഗ്ജോം' നാളെ രാവിലെ ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

dot image

ചെന്നൈ: നഗരത്തെ പിടിച്ചു കുലുക്കി 'മിഗ്ജോം' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മഴക്കെടുതിയിൽ 6 പേർ മരിച്ചു. നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചെന്നൈയിൽ കനത്ത ജാഗ്രതാ നിർദേശമാണ് അധികൃതരുടെ നിർദേശം. അനാവശ്യമായി ആരു പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. നിലവിൽ ചെന്നൈയിൽ നിന്ന് 90 മീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.

'മിഗ്ജോം' നാളെ രാവിലെ ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ അടിയന്തരയോഗം ചേർന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പല വിമാനങ്ങളും റദ്ദാക്കി.

പലയിടത്തും ഒരാൾ പൊക്കത്തിൽ വെള്ളമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മഴ കനത്താൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം ലഭിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. റോഡിലൂടെ പോകുമ്പോൾ കാറിനകത്ത് വെള്ളം കയറിയെന്ന് ചെന്നൈയിൽ പൈലറ്റായ വൃന്ദ വ്യക്തമാക്കി. വിമാന സർവീസുകൾ തുടങ്ങാൻ വൈകുമെന്നും പൈലറ്റ് വൃന്ദ പറഞ്ഞു.

'മിഗ്ജോമി'ൽ വിറങ്ങലിച്ച് ചെന്നൈ, മഴക്കെടുതി രൂക്ഷം; പുറത്തിറങ്ങാതെ ജനങ്ങൾ

ചെന്നൈ വിമാനത്താവളം അടച്ചതിനാൽ കുടുങ്ങിയെന്ന് നടൻ ഹരീഷ് പേരടി റിപ്പോർട്ടറിനോട് പറഞ്ഞു. മണിക്കൂറുകളായി കനത്ത മഴ തുടരുന്നു. നിലവിൽ റൂമിലേക്ക് മാറ്റിയെങ്കിലും എപ്പോൾ മടങ്ങാനാകുമെന്ന് അറിയില്ല. താഴ്ന്ന റോഡുകളിലെല്ലാം വെള്ളം കയറി. മഴ തുടരുന്നതിനാൽ വിമാന സർവീസുകൾ താറുമാറായെന്നും ഹരീഷ് പേരടി പറഞ്ഞു.

മഴ ശമിക്കും വരെ ജനങ്ങൾ വീടുകളിൽ തുടരണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി. 4 ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാളെ വർക്ക് ഫ്രം ഹോം അനുവദിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലുള്ളവരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചത്. തിരുവള്ളൂരിൽ ഒറ്റപ്പെട്ടവരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.

80 വർഷത്തിനിടയിലെ രൂക്ഷമായ മഴക്കെടുത്തിയെന്ന് തമിഴ്നാട് ജലവിഭവ വകുപ്പുമന്ത്രി വ്യക്തമാക്കി. റോഡിൽ നിർത്തിയിട്ട കാറുകൾ ഒഴുകിപ്പോയി. ചെന്നൈ -കൊൽക്കത്ത ദേശീയ പാതയിൽ രണ്ട് കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.

dot image
To advertise here,contact us
dot image