ഡല്ഹി: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചന ശ്രമത്തില് തുടര്നടപടികളുമായി ഡല്ഹി ഹൈക്കോടതി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന് തയ്യാറായവരുടെ സത്യവാങ്മൂലം നല്കണം. മോചന ശ്രമങ്ങള്ക്കായി യെമനിലെത്തുന്നവര്ക്ക് താമസ സൗകര്യം നല്കുന്നവരുടെ സത്യവാങ്മൂലവും നല്കണമെന്ന് ഡല്ഹി ഹൈക്കോടതി നിർദേശിച്ചു.
യെമനിലേക്കുള്ള യാത്ര അപകടകരമെന്ന് കേന്ദ്ര സര്ക്കാര് നിലപാടെടുത്തിരുന്നു. യെമനിലുള്ള ഇന്ത്യക്കാര് നിമിഷപ്രിയ ഇന്റര്നാഷണല് ആക്ഷന് കൗണ്സിലിന്റെ ഭാഗമാണ്. ഇതില് യെമനില് യാത്രാനുമതി നേടിയവര് ഉള്പ്പടെയുണ്ട്. ഇവർ പ്രേമകുമാരിയുടെയും മറ്റും യാത്ര, താമസ സൗകര്യം എന്നിവയ്ക്കായി സഹായിക്കാന് തയ്യാറാണെന്നും പ്രേമകുമാരിയുടെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
തുടര്ന്നാണ് പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന് തയ്യാറുള്ളവരുടെയും യെമനില് താമസ സൗകര്യം ഒരുക്കാന് തയ്യാറായവരുടെയും സത്യവാങ്മൂലം ഹൈക്കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള് ബെഞ്ച് അടുത്ത തിങ്കളാഴ്ച ഹര്ജിവീണ്ടും പരിഗണിക്കും.