ഹൈദരാബാദ്: തെലങ്കാനയില് കോണ്ഗ്രസ് അധ്യക്ഷന് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായേക്കും. ഹൈക്കമാന്ഡിന്റെ പിന്തുണ രേവന്ത് റെഡ്ഡിക്കെന്നാണ് കോണ്ഗ്രസ് വൃത്തങ്ങളില് നിന്നുള്ള വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടന് ഉണ്ടാവും. ഇത് സംബന്ധിച്ച് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെയും കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുളള കൂടിക്കാഴ്ച്ച ഡല്ഹിയില് പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച്ചയാണ് പ്രത്യേക വിമാനത്തില് ഡികെയും എഐസിസി നിരീക്ഷകരും ഡല്ഹിയിലേക്ക് പുറപ്പെട്ടത്. വിജയിച്ച 64 എംഎല്എമാരുടേയും അഭിപ്രായം അറിഞ്ഞ ശേഷമാണ് ഡല്ഹിയിലേക്ക് പുറപ്പെട്ടത്. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലില് സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയില് ഓരോരുത്തരില് നിന്നും പ്രത്യേകം അഭിപ്രായം എടുക്കുകയായിരുന്നു. ഖാര്ഗെയുമായുള്ള കൂടിക്കാഴ്ച്ചയില് എംഎല്എമാരുടെ അഭിപ്രായങ്ങള്ക്ക് മുന്ഗണന നല്കും.
'സ്വന്തം ഗ്രാമത്തില് 50 വോട്ട് പോലും കിട്ടിയില്ല'; ഇവിഎമ്മില് സംശയം പ്രകടിപ്പിച്ച് കോണ്ഗ്രസ്മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി നിരീക്ഷകനായ മല്ലു ഭാട്ടി വിക്രമാര്കയുടെ പേര് ചിലര് നിർദ്ദേശിച്ചിരുന്നു. ഉത്തം കുമാര് റെഡ്ഡി, ശ്രീധര് ബാബു എന്നിവരുടെ പേരും ചിലര് നിര്ദേശിച്ചിരുന്നു. എന്നാല് ഇതിനെയെല്ലാം മറികടക്കുന്ന പിന്തുണ രേവന്ത് റെഡ്ഡിക്കുണ്ടെന്നാണ് വിവരം. എന്നാലും ഹൈക്കമാന്ഡിന്റേതായിരിക്കും അന്തിമ തീരുമാനം. പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായേക്കും.
ഭിന്നത ഒഴിവാക്കാന് മുഖ്യമന്ത്രി പദത്തില് ടേം നിബന്ധനയും കര്ണാടക മാതൃകയില് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. ഹൈക്കമാന്ഡ് തീരുമാനം വന്നാല് നിയുക്ത മുഖ്യമന്ത്രി ഗവര്ണറെ കാണും. നാളെയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. കോണ്ഗ്രസ് മുന്നണിയില് മത്സരിച്ച് ഒരു സീറ്റില് ജയിച്ച സിപിഐ മന്ത്രിസഭയില് ചേരുമോ എന്നതാണ് ആകാംക്ഷ. ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് തെലങ്കാനയിലെ സിപിഐ നേതാക്കളുടെ പ്രതികരണം.