ഡൽഹി: 2018 മുതൽ ഇതുവരെ കഴിഞ്ഞ ആറ് വർഷമായി വിദേശത്ത് 403 ഇന്ത്യൻ വിദ്യാർത്ഥികളെങ്കിലും മരിച്ചുവെന്ന് സർക്കാറിന്റെ കണക്കുകൾ. 34 വിദേശ രാജ്യങ്ങളെടുത്താൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കാനഡയിലാണ്. കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ഈ കണക്ക് പ്രകാരം കാനഡയിൽ മാത്രം 91 വിദ്യാർത്ഥികൾ മരിച്ചു.
യുകെയിൽ 48 പേരും റഷ്യയിൽ 40 പേരും അമേരിക്കയിൽ 36 പേരും ഓസ്ട്രേലിയയിൽ 35 വിദ്യാർത്ഥികളും മരിച്ചു. യുക്രൈനിൽ 21, ജർമനിയിൽ 20, സൈപ്രസിൽ 14, ഇറ്റലിയിലും ഫിലിപ്പീൻസിലും 10 വീതം വിദ്യാർത്ഥികളും മരിച്ചു. അപകടം മൂലവും സ്വാഭാവികമായുമുള്ള മരണങ്ങളും ഇതിൽ ഉൾപ്പെടും. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും കണക്കുകൾ അവതരിപ്പിച്ച് വു മുരളീധരൻ പറഞ്ഞു.
എന്തെങ്കിലും അസാധാരണ സംഭവമുണ്ടായാൽ ആ രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മതിയായ ചികിത്സയും വേണ്ട സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മരണസംഖ്യ കൂടുതലാണെന്ന ചോദ്യം ഉയർന്നപ്പോൾ വലിയ തോതിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നുവെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗ്ചിയുടെ മറുപടി.