
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം ഫാം ഹൗസിൽ വഴുതി വീണ് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് കെസിആറിനെ ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് അദ്ദേഹത്തെ സോമാജിഗുഡയിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയിൽ ഇടുപ്പെല്ലിന് പൊട്ടലുള്ളതായാണ് റിപ്പോർട്ട്.
ശസ്ത്രക്രിയയെക്കുറിച്ചുള്ള ആലോചനയിലാണ് ഡോക്ടർമാർ എന്നാണ് വിവരം. കെസിആറിൻ്റെ ആരോഗ്യ നില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. പരിശോധനാ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഭാവി ചികിത്സയെക്കുറിച്ച് തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.