റാഞ്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന അവകാശവാദവുമായി ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. ‘മോദിയുടെ ഗാരന്റി’യിൽ ജനങ്ങൾ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. യുപി, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മുഴുവൻ ലോക്സഭാ സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാരിന്റെ തുടർഭരണം ഉറപ്പാണെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളിൽ (യു) ഏറെ വൈകാതെ വൻ പിളർപ്പുണ്ടാകുമെന്നും ചിരാഗ് പസ്വാൻ പ്രവചിച്ചു.
ലോക് ജനശക്തി പാർട്ടി ജാർഖണ്ഡിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ സംഘടന തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ജാർഖണ്ഡ് ബിഹാറിന്റെ ഭാഗമായിരുന്നു, അന്തരിച്ച എന്റെ പിതാവ് രാം വിലാസ് പാസ്വാന് ഇവിടെ വലിയ പിന്തുണയുണ്ടായിരുന്നു. എന്നാൽ എൻഡിഎ സഖ്യം ശക്തിപ്പെടുത്തുന്നത് കണക്കിലെടുത്തായിരിക്കും തീരുമാനം', ചിരാഗ് പസ്വാൻ വ്യക്തമാക്കി.