ത്രിപുരയിലെ രണ്ട് ലോക്സഭാ സീറ്റുകളിലും പിന്തുണയ്ക്കണമെന്ന് കോൺഗ്രസ്; പ്രതികരിക്കാതെ സിപിഐഎം

സീറ്റ് പങ്കുവയ്ക്കലിനെക്കുറിച്ച് ഇൻഡ്യ മുന്നണി കൈക്കൊള്ളുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും സുദീപ് റോയ് ബർമൻ.

dot image

അഗർത്തല: 2024ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് ഭരണ കക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമായിരിക്കുമെന്ന് ത്രിപുര കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ. എന്നാൽ സുദീപ് റോയ് ബർമന്റെ പരാമർശത്തോട് ഇടത് ക്യാംപ് പ്രതികരിച്ചിട്ടില്ല. രണ്ട് ലോക്സഭാ സീറ്റുകളാണ് ത്രിപുരയിലുള്ളത്. ബർമൻ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

മൂന്ന് മാസം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെ കോൺഗ്രസും സിപിഐഎമ്മും സഖ്യം ചേർന്നാണ് മത്സരിച്ചത്. സീറ്റ് പങ്കുവയ്ക്കലിനെക്കുറിച്ച് ഇൻഡ്യ മുന്നണി കൈക്കൊള്ളുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും സുദീപ് റോയ് ബർമൻ പറഞ്ഞു.

'ഞങ്ങൾ ഇൻഡ്യ മുന്നണിയുടെ തീരുമാനമാണ് പിന്തുടരുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആകെ ലഭിച്ചത് 13 സീറ്റുകളാണ്. അത് അനീതിയാണ്. പക്ഷേ ഞങ്ങൾ അത് സഹിച്ചു. കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മത്സരിക്കണമെന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷേ ഒന്നും നൽകിയില്ല. ഇത് ലോക്സഭാ തിരഞ്ഞെുപ്പാണ്, രാജ്യത്തിനായുള്ള തിരഞ്ഞെടുപ്പാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹമുള്ള പാർട്ടികൾ രണ്ട് സീറ്റുകളും കോൺഗ്രസിന് നൽകി പിന്തുണയ്ക്കുന്നത് നല്ല തീരുമാനമായിരിക്കും'. സുദീപ് ബർമൻ പറഞ്ഞു.

'സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ബാധിച്ചു'; രാജസ്ഥാനിലെ പരാജയം അവലോകനം ചെയ്ത് കോണ്ഗ്രസ്

ത്രിപുരയിലെ രണ്ട് ലോക്സഭാ സീറ്റുകളിൽ ഒന്ന് പട്ടികജാതി സംവരണ സീറ്റാണ്. ത്രിപുര ഈസ്റ്റാണ് സംവരണ മണ്ഡലം. പിന്നെയുള്ളത് ത്രിപുര വെസ്റ്റ് മണ്ഡലമാണ്. രണ്ടിടത്തും നിലവില് ബിജെപി പ്രതിനിധിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഐഎമ്മും ഒരുമിച്ച് മത്സരിച്ചെങ്കിലും ജയം ബിജെപിക്കായിരുന്നു. 60-ൽ 32 സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചെടുത്തത്.

dot image
To advertise here,contact us
dot image