കർണാടകയിലെ കോൺഗ്രസ് സർക്കാർ ഉടൻ താഴെവീഴും; ഒരു മന്ത്രിയടക്കം ബിജെപിയിൽ ചേരുമെന്നും കുമാരസ്വാമി

ബിജെപിയും ജെഡിഎസും കർണാടക സർക്കാർ താഴെവീഴുമെന്ന് പകൽക്കിനാവ് കാണുകയാണ് എന്നാണ് കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.

dot image

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ ഉടനെ താഴെവീഴുമെന്ന് പ്രവചിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. മന്ത്രിമാരിലൊരാൾ ബിജെപിയിൽ ചേരും. അദ്ദേഹത്തിനൊപ്പം അറുപതോളം കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് പോകുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു.

'ഒരു മന്ത്രി 50-60 എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിയിലേക്ക് ചേരും. കർണാടക സർക്കാർ ഉടൻ നിലംപതിക്കും. എന്തും സംഭവിക്കാം. അവരിലാർക്കും വിശ്വാസ്യതയും സത്യസന്ധതയുമില്ല'- ഹസനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുമാരസ്വാമി പറഞ്ഞു. ആരാണ് ആ നേതാവ് എന്ന ചോദ്യത്തിന് അത്തരം അധമമായ പ്രവർത്തി ചെറിയ നേതാക്കളിൽ നിന്നുണ്ടാകില്ലെന്നും സ്വാധീനമുള്ള വ്യക്തികൾക്കേ അതു ചെയ്യാൻ കഴിയൂ എന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി.

ബിജെപിയും ജെഡിഎസും കർണാടക സർക്കാർ താഴെവീഴുമെന്ന് പകൽക്കിനാവ് കാണുകയാണ് എന്നാണ് കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. 'വെള്ളത്തിൽ നിന്ന് കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെയാണ് ബിജെപിയും ജെഡിഎസും, മായികസ്വപ്നം കാണുകയാണ് അവർ, എന്തു ചെയ്യാനാണ്!'- സിദ്ധരാമയ്യ പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ഒന്നിച്ചു മത്സരിക്കാനാണ് ബിജെപിയുടെയും ജെഡിഎസിന്റെയും തീരുമാനം. ന്യൂനപക്ഷ വികസന വകുപ്പിന് കൂടുതൽ ഫണ്ട് അനുവദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടിയെ പ്രീണന രാഷ്ട്രീയം എന്ന് കുമാരസ്വാമി കഴിഞ്ഞയാഴ്ച വിമർശിച്ചിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭകളിലേക്കുള്ള ബിജെപിയുടെ വൻ വിജയത്തിന് കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us