ചൗഹാന്റെ പടിയിറക്കം; മോഹന് യാദവിലൂടെ ബിജെപി മധ്യപ്രദേശില് ഒരുങ്ങുമ്പോള്

ചൗഹാനെ നീക്കി യാദവിനെ താക്കോല് ഏല്പ്പിക്കുന്നതിലൂടെ ഒബിസി പിന്തുണ ഉറപ്പിക്കുകയാണ് ബിജെപി

dot image

ഭോപ്പാല്: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പതാം നാള് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതോടെ മധ്യപ്രദേശില് ശിവരാജ് സിംഗ് ചൗഹാന് യുഗത്തിനും ഫുള്സ്റ്റോപ്പ് വീണിരിക്കുകയാണ്. ചൗഹാന് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന മോഹന് യാദവാണ് ഇനി മധ്യപ്രദേശില് ബിജെപി ഭരണത്തിന് ചുക്കാന് പിടിക്കുക. 'എല്ലാവര്ക്കും റാം റാം' എന്ന ചൗഹാന്റെ എക്സ് പോസ്റ്റ് വേര്പിരിയല് സന്ദേശമായും വായിക്കാമെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പദവിയില് നിന്നുള്ള പടിയിറക്കം.

ഇന്ന് രാവിലെ ഭോപ്പാലിലെത്തിയ ബിജെപിയുടെ നിരീക്ഷക സംഘം ആദ്യം എത്തിയത് ചൗഹാന്റെ വസതിയിലേക്കായിരുന്നു. പിന്നീട് ചേര്ന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് പ്രബല ഒബിസി നേതാവായ മോഹന് യാദവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയില് പകുതിയിലേറേയും വരുന്ന ഒബിസി വിഭാഗത്തില് നിന്നുള്ള ഏക മുഖ്യമന്ത്രിയായിരുന്നു ചൗഹാന്. ചൗഹാനെ മാറ്റുന്നത് തിരിച്ചടിയാവുമെന്നിരിക്കെയാണ് ഇതേ വിഭാഗത്തില് നിന്നും മോഹന് യാദവിനെ പാര്ട്ടി ഉയര്ത്തികൊണ്ടുവരുന്നത്. ദക്ഷിണ ഉജ്ജെയിനില് നിന്നും മൂന്ന് തവണ എംഎല്എയായി തിരഞ്ഞെടുക്കപ്പെട്ട മോഹന് യാദവ് ഇത്തവണ കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്കെതിരെ 12,000ത്തിലധികം വോട്ടിനാണ് വിജയിച്ചത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പ്രഹ്ലാദ് പട്ടേൽ, നരേന്ദ്ര തോമർ, കൈലാഷ് വിജയവർഗിയ, വി ഡി ശർമ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുടക്കം മുതല് ഉയര്ന്നു കേള്ക്കുന്നത് എന്നതിനാല് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി ഉയര്ത്തിയത് ബിജെപി കേന്ദ്രങ്ങളില് പോലും ചര്ച്ചയായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും അടുത്ത ബന്ധമുള്ള മോഹന് യാദവിന്റെ ഒബിസി പശ്ചാത്തലം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണം. ചൗഹാനെ നീക്കി യാദവിനെ താക്കോല് ഏല്പ്പിക്കുന്നതിലൂടെ ഒബിസി പിന്തുണ ഉറപ്പിക്കുകയാണ് ബിജെപി.

ആര്എസ്എസുമായി അടുത്ത് പ്രവര്ത്തിക്കുന്ന മോഹന് യാദവ് എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ബിഎസ്സി, എല്എല്ബി, എംഎ (പൊളിറ്റിക്കല് സയന്സ്), എംബിഎ, പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയുള്ള മോഹന് യാദവ് എബിവിപി നഗരമന്ത്രി, ക്ഷേത്ര പ്രചാരക് കൂടി ആയിരുന്നു.

മധ്യപ്രദേശില് നിന്നും ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്നയാളാണ് മാമയെന്ന് വിളിക്കുന്ന ശിവരാജ് സിംഗ് ചൗഹാന്. സ്ഥാനാര്ത്ഥി പ്രഖ്യാപനം മുതല് പാര്ട്ടി ചൗഹാനെ തഴയുകയാണെന്ന ആരോപണം ശക്തമായിരുന്നു. അപ്പോഴും ഹൈക്കമാന്ഡ് തീരുമാനിക്കുന്ന ഏത് പദവിയും സ്വീകരിക്കുമെന്ന പക്ഷമാണ് ചൗഹാന് സ്വീകരിച്ചതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രം സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതിന്റെ സൂചനകൂടിയാണ് മുഖ്യമന്ത്രി പദത്തിലെ ട്വിസ്റ്റ് എന്നും വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നശേഷവും ചൗഹാന് ഡല്ഹിയില് പാര്ട്ടി നേതൃത്വത്തെ കാണാനോ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനോ ശ്രമിച്ചിരുന്നില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് 29 സീറ്റിലും ബിജെപിയെ ജയിപ്പിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ചൗഹാന്റെ പ്രതികരണം. സംസ്ഥാനത്ത് പാര്ട്ടിയുടെ വിജയത്തില് പ്രധാന പങ്കുവഹിച്ച ചൗഹാന് സര്ക്കാരിന്റെ ക്ഷേമ പദ്ധതി ലാഡ്ലി ബെഹ്ന സ്ത്രീകള്ക്കിടയില് വളരെയധികം പ്രചാരം നേടിയിരുന്നെങ്കിലും പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയാണ് ബിജെപിയുടെ വിജയത്തിന് കാരണമായതെന്നാണ് ചൗഹാന് വിരുദ്ധ പക്ഷത്തിന്റെ അഭിപ്രായം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us