ന്യൂഡല്ഹി: സഭാ നടപടികള് തടസപ്പെടുത്തിയെന്നാരോപിച്ച് 15 എംപിമാരെ ലോക്സഭയില് നിന്നും പുറത്താക്കി. ഒമ്പത് കോണ്ഗ്രസ് എംപിമാര്, രണ്ട് സിപിഐഎം എംപിമാര്, ഒരു സിപിഐ എംപി, രണ്ട് ഡിഎംകെ എംപിമാരെയുമാണ് സസ്പെന്ഡ് ചെയ്തത്. കോണ്ഗ്രസില് നിന്നും മാണിക്കം ടാഗോര്, എംഡി ജാവേദ്, വി കെ ശ്രീകണ്ഠന്, ബെന്നി ബെഹ്നാന്, ഡിഎംകെ എംപി കെ കനിമൊഴി, എസ്ആര് പാര്ത്ഥിപന്, സിപിഐഎം എംപി പിആര് നടരാജന്, എസ് വെങ്കടേഷന്, സിപിഐ എം പി കെ സുബ്ബരായന് എന്നിവര്ക്കെതിരെയാണ് നടപടി.
കോണ്ഗ്രസില് എംപിമാരായ ടിഎന് പ്രതാപന്, ഹൈബി ഈഡന്, ജ്യോതിമണി, രമ്യാ ഹരിദാസ്, ഡീന് കുര്യാക്കോസ് എന്നിവരെ സസ്പെന്ഡ് ചെയ്തുകൊണ്ട് ഇന്ന് പാര്ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചിരുന്നു. സഭയുടെ നിര്ദേശം അവഗണിച്ച ഇവരുടെ പെരുമാറ്റം ഗൗരവമായി കാണുന്നുവെന്നും ഇവരെ സസ്പെന്ഡ് ചെയ്തതായി അറിയിക്കുന്നുവെന്നുമായിരുന്നു പ്രമേയം. നടപടിക്ക് ശേഷം സഭ മൂന്ന് മണിവരെ പിരിഞ്ഞു. ഇതിന് മുമ്പ് പാര്ലമെന്റില് തടസ്സങ്ങള് സൃഷ്ടിച്ചതിന് ടിഎന് പ്രതാപന്, ഡീന് കുര്യാക്കോസ്, ഹൈബി ഈഡന് എന്നീ കോണ്ഗ്രസ് എംപിമാര്ക്ക് സ്പീക്കര് പേരെടുത്ത് മുന്നറിയിപ്പ് നല്കിയിരുന്നു.
പാർലമെന്റിലും പരിസരത്തും അതീവ ജാഗ്രത; പ്രധാന ഗേറ്റുവഴി പ്രവേശനം എംപിമാർക്ക് മാത്രംസുരക്ഷാ വീഴ്ച്ചയെക്കുറിച്ച് സംസാരിക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില് വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. രാവിലെ ലോക്സഭാ നടപടികള് ആരംഭിച്ചതിന് പിന്നാലെ പാര്ലമെന്റ് സുരക്ഷാ വീഴ്ചയില് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. സുരക്ഷാ വീഴ്ചയില് എല്ലാവര്ക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും സര്ക്കാര് ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കര് വ്യക്തമാക്കിയിരുന്നു.