ന്യൂഡല്ഹി: പാര്ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സ്പീക്കറുടെ അധീനതയിലുള്ള വിഷയമാണ്. സംഭവത്തില് സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. ആജ് തക്കിനോടാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
സംഭവത്തില് സ്പീക്കര്ക്ക് ഉടന് റിപ്പോര്ട്ട് നല്കും. പഴുതടച്ച സുരക്ഷയൊരുക്കുകയെന്നതാണ് ഉത്തരവാദിത്തം. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു. കേസില് ആഭ്യന്തര മന്ത്രി പാര്ലമെന്റില് പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതിനിടെയാണ് പ്രതികരണം.
'ഗുരുതരമായ വിഷയമാണ്. ഇതിന്റെ പേരില് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. തീര്ച്ചയായും വീഴ്ച സംഭവിച്ചു. എന്നാല് പാര്ലമെന്റ് സുരക്ഷ സ്പീക്കറുടെ കീഴിലാണെന്ന് എല്ലാവര്ക്കും അറിയാം, സ്പീക്കര് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ഇതിന് പിന്നാലെ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്, റിപ്പോര്ട്ട് ഉടന് സ്പീക്കര്ക്ക് അയയ്ക്കും.' അമിത് ഷാ പറഞ്ഞു.
കേസില് അറസ്റ്റിലായ നാല് പ്രതികളെയും ഡല്ഹി പട്യാല കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടിരിക്കുകയാണ്. പ്രതികളായ മനോരജ്ഞന് ഡി, സാഗര് ശര്മ, അമോല് ഷിന്ഡെ, നീലം എന്നിവരെയാണ് ഡല്ഹി പൊലീസ് സ്പെഷ്യല് സെല്ലിന്റെ കസ്റ്റഡിയില് വിട്ടത്. പ്രത്യേക ജഡ്ജി ഹര്ദ്വീപ് കൗറിന് മുന്നിലാണ് പ്രതികളെ പൊലീസ് ഹാജരാക്കിയത്.