പാർലമെൻറിലെ അതിക്രമം: നാല് പ്രതികളെ ഏഴു ദിവത്തെ കസ്റ്റഡിയിൽ വിട്ടു

സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയിൽ

dot image

ന്യൂഡൽഹി: പാർലമെൻറിലെ അതിക്രമവുമായി ബന്ധപ്പെട്ട നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദില്ലി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.

സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതിൽ വ്യക്തത വരൂ എന്നായിരുന്നു പൊലീസിൻ്റെ വാദം. 'സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കിൽ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം', എന്നായിരുന്നു പൊലീസ് വാദം. പ്രതികളുടെ പണമിടപാടുകൾ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികൾ ഷൂസിനുള്ളിൽ വെച്ച് പുകക്കുഴലുകൾ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവിൽ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവർ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈയിൽ നിന്നാണ് ക്യാനിസ്റ്ററുകൾ വാങ്ങിയത്. പ്രതികൾ ചില ലഘുലേഖകൾ കൈവശം വച്ചിരുന്നതായും പോലീസ് പറഞ്ഞു. മോദിയെ കാണാനില്ലെന്നായിരുന്നു ഇവരുടെ കയ്യിൽ കരുതിയ ലഘുലേഖയിൽ ഉണ്ടായിരുന്നത്. കണ്ടെത്തുന്നവർക്ക് സമ്മാനമെന്നും ലഘുലേഖയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പാർലമെൻ്റിലെ അതിക്രമം മുഖ്യ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝായെന്ന് ദില്ലി പൊലീസ്. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ലളിത് ഝാ താമസിച്ചിരുന്നത് കൊൽക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭഗത് സിങ്ങിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എല്ലാവരും പാർലമെന്റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേർക്ക് മാത്രമാണ്.

ബുധനാഴ്ച ശൂന്യവേളയില് ലഖ്നൗവിൽ നിന്നുള്ള സാഗർ ശർമയും മൈസൂരിൽ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്ശക ഗാലറിയില് നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവർ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര് ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര് നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള് ഇവരെ പിടികൂടി. ഒരാളെ എംപിമാര് പിടികൂടിയപ്പോൾ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര് അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര് സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളിൽ സ്പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവർ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. ഇവരിൽ നിന്ന് നിറമുള്ള സ്പ്രേ കാന് പിടികൂടി. പാസ് കിട്ടാത്തതിനെ തുടർന്ന് മറ്റ് രണ്ട് പ്രതികൾ പാർലമെൻ്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പുകബോംബ് ഉപയോഗിക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us