ഗ്യാന്വാപി മാതൃകയില് മഥുരയില് ഷാഹി ഇദാഹ് മസ്ജിദില് സര്വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി

മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി നടപടി.

dot image

അലഹബാദ്: ഗ്യാന്വാപി മാതൃകയില് മഥുരയില് സര്വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. മഥുര ഷാഹി ഇദാഹ് മസ്ജിദില് സര്വ്വേ നടത്തുന്നതിനാണ് ഹൈക്കോടതി അനുമതി നല്കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി നടപടി. കൃഷ്ണന് ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്മ്മിച്ചതെന്നാണ് ഹര്ജിയിലെ വാദം. ക്ഷേത്രം നിലനിന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടില് ഔറംഗസേബിന്റെ ഭരണകാലത്താണ് മസ്ജിദ് നിര്മ്മിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ, പ്രഭാഷ് പാണ്ഡെ, ദേവ്കി നന്ദൻ എന്നിവർ മുഖേന ദേവനും (ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാൻ) മറ്റ് 7 പേരും സമർപ്പിച്ച ഓർഡർ 26 റൂൾ 9 സിപിസി അപേക്ഷയിലാണ് ജസ്റ്റിസ് മായങ്ക് കുമാർ ജെയിനിന്റെ ബെഞ്ചിൻ്റെ ഉത്തരവ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് സ്ഥാപിക്കുന്ന നിരവധി അടയാളങ്ങൾ ഉണ്ടെന്നും അതിനാൽ ഒരു കമ്മീഷനെ നിയമിക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഹർജിയിലെ വാദം.

ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ഹിന്ദു ദേവന്മാരിൽ ഒരാളായ ശേഷനാഗിൻ്റെ പ്രതിമയും അവിടെയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. മസ്ജിദിന്റെ തൂണിൻ്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

മഥുര ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയുടെ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന പ്രധാന ഹർജിയുടെ ഭാഗമായിട്ടായിരുന്നു ഹർജി സമർപ്പിച്ചത്. മഥുര ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയുടെ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന കാരണത്താൽ അത് നീക്കം ചെയ്യണമെന്നാണ് പ്രധാന ഹർജി.

നേരത്തെ സിവിൽ കോടതി ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി തള്ളിയിരുന്നു. ഇതിനെതിരെ മഥുര ജില്ലാ കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് സിവിൽ കോടതി തീരുമാനം അസാധുവാക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് ശ്രീകൃഷ്ണ ഭക്തർ എന്ന നിലയിൽ, തങ്ങളുടെ മൗലികമായ മതപരമായ അവകാശങ്ങൾ കണക്കിലെടുത്ത് കേസ് കൊടുക്കാൻ അവകാശമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. 2022 മെയ് മാസത്തിൽ മഥുര ജില്ലാ കോടതി ഹർജി നിലനിൽക്കുമെന്ന് വിധിക്കുകയും സിവിൽ കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.

പിന്നീട്, 2023 മെയ് മാസത്തിൽ, ഈ കേസ് വിചാരണ കോടതിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഭാഗം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി അനുവദിച്ചു. ഫെബ്രുവരി ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് നളിൻ കുമാർ ശ്രീവാസ്തവ വിഷയം പരിഗണിക്കേണ്ടതുണ്ടെന്നും വിഷയത്തിൽ മറുപക്ഷത്തിന്റെ പ്രതികരണം തേടണമെന്നും അഭിപ്രായപ്പെട്ടിരുന്നു. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us