ന്യൂഡൽഹി: പാർലമെൻ്റ് അതിക്രമ കേസില് കർത്തവ്യ പഥ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ലളിത് മോഹൻ ഝായെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാൾക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ദില്ലി പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ ലളിത് ഝാ രാജസ്ഥാനിലേയ്ക്ക് പോകുകയായിരുന്നു. ബസിൽ രാജസ്ഥാനിലെ നാ ഗൗറിലെത്തുകയും അവിടെയുള്ള രണ്ട് സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹോട്ടലിൽ മുറിയെടുത്ത് അവിടെ രാത്രി തങ്ങി. പിന്നീട് രാജസ്ഥാനിൽ നിന്നും തിരികെ ബസിൽ ദില്ലിയിലെത്തി കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ന്യൂഡൽഹി ജില്ലാ പോലീസ് സ്പെഷ്യൽ സെല്ലിന് കൈമാറുകയും ചെയ്തു.
ലളിത് മോഹൻ ഝാ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു എൻജിഒയുടെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഝായെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് എൻജിഒയുടെ സ്ഥാപകനായ നീലാക്ഷ് ഐഷുമായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ബന്ധപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സുരക്ഷാ വീഴ്ച സംഭവിച്ചതിന് തൊട്ടുപിന്നാലെ, നീലവും അമോലും മുദ്രാവാക്യം വിളിക്കുന്നതിന്റെയും പാർലമെന്റ് മന്ദിരത്തിന് പുറത്ത് ക്യാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള പുക സ്പ്രേ അടിക്കുന്നതിൻ്റെയും വീഡിയോ ഝാ പകർത്തി ഐഷിന് അയച്ചതായും പോലീസ് വ്യക്തമാക്കുന്നു. 'ഫാൻസ് ഓഫ് ഭഗത് സിങ്ങ്' എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൻ്റെ ഭാഗമാണ് അതിക്രമം നടത്തിയ സംഘമെന്നാണ് പൊലീസ് പറയുന്നത്.
ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി; മഹുവ മൊയ്ത്രയുടെ ഹര്ജി ഇന്ന് പരിഗണിക്കുംപ്രതികൾക്കെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മുഴുവൻ ഓപ്പറേഷനും ഭീകരാക്രമണവുമായി സാമ്യമുള്ളതായി നേരത്തെ പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. ഇവരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷകസംഘം.
അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ദില്ലി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.
സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതിൽ വ്യക്തത വരൂ എന്നായിരുന്നു പൊലീസിൻ്റെ വാദം. 'സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കിൽ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം', എന്നായിരുന്നു പൊലീസ് വാദം. പ്രതികളുടെ പണമിടപാടുകൾ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികൾ ഷൂസിനുള്ളിൽ വെച്ച് പുകക്കുഴലുകൾ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവിൽ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവർ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈയിൽ നിന്നാണ് ക്യാനിസ്റ്ററുകൾ വാങ്ങിയത്. പ്രതികൾ ചില ലഘുലേഖകൾ കൈവശം വച്ചിരുന്നതായും പോലീസ് പറഞ്ഞു. മോദിയെ കാണാനില്ലെന്നായിരുന്നു ഇവരുടെ കയ്യിൽ കരുതിയ ലഘുലേഖയിൽ ഉണ്ടായിരുന്നത്. കണ്ടെത്തുന്നവർക്ക് സമ്മാനമെന്നും ലഘുലേഖയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
'വീഴ്ച സംഭവിച്ചു'; പാര്ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് അമിത്ഷാബുധനാഴ്ച ശൂന്യവേളയില് ലഖ്നൗവിൽ നിന്നുള്ള സാഗർ ശർമയും മൈസൂരിൽ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്ശക ഗാലറിയില് നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവർ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര് ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര് നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള് ഇവരെ പിടികൂടി. ഒരാളെ എംപിമാര് പിടികൂടിയപ്പോൾ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര് അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര് സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളിൽ സ്പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവർ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. ഇവരിൽ നിന്ന് നിറമുള്ള സ്പ്രേ കാന് പിടികൂടി. പാസ് കിട്ടാത്തതിനെ തുടർന്ന് മറ്റ് രണ്ട് പ്രതികൾ പാർലമെൻ്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പുകബോംബ് ഉപയോഗിക്കുകയുമായിരുന്നു.
സഭാ നടപടികള് തടസപ്പെടുത്തി;15 പ്രതിപക്ഷ എംപിമാര്ക്ക് സസ്പെന്ഷന്