ചണ്ഡീഗഡ്: തീവ്രവാദിയാണെന്ന പേരിൽ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തിയ സുഖ്പാൽ സിംഗിന്റെ കുടുംബത്തിന് 29 വർഷങ്ങൾക്കുശേഷം നീതി. 1994-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തീവ്രവാദിയാണെന്ന് ചൂണ്ടിക്കാട്ടി സുഖ്പാൽ സിംഗിനെ പഞ്ചാബ് പൊലീസ് പിടികൂടി കൊലപ്പെടുത്തുമ്പോൾ ഭാര്യ ദൽബീർ കൗറിന് വെറും 19 വയസ്സായിരുന്നു പ്രായം. രണ്ട് മാസം ഗർഭിണിയായിരുന്നു. അന്നുതുടങ്ങിയ ദൽബീർ കൗറിന്റെയും സുഖ്പാൽ സിംഗിന്റെ അമ്മയുടെയും ദീർഘവും കഠിനവുമായ നിയമ പോരാട്ടമാണിപ്പോൾ വിജയം കണ്ടത്. ഗുർദാസ്പൂർ ജില്ലയിലെ കാലാ അഫ്ഗാന ഗ്രാമത്തിലെ താമസക്കാരനായിരുന്ന സുഖ്പാൽ സിംഗിനെ തീവ്രവാദിയായ ഗുർനാം സിംഗ് ബന്ദലയെന്നാരോപിച്ചാണ് പൊലീസ് തട്ടിക്കൊണ്ടുപോയത്. എന്നാൽ 1998-ൽ ഗുർനാം സിംഗ് ബന്ദലയെ ജീവനോടെ പിടികൂടുകയും ചെയ്തു.
ഏറ്റുമുട്ടൽ നടന്ന് 13 വർഷത്തിന് ശേഷം 2007-ൽ അന്നത്തെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ജെപി വിർദിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 2010-ൽ വിർദി മരിച്ചതോടെ അന്വേഷണം മന്ദഗതിയിലായി. സിബിഐയുടെ അന്വേഷണത്തിനായി 2013-ൽ കൗർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഐപിഎസ് സഹോട്ടയുടെ നേതൃത്വത്തിൽ പഞ്ചാബ് പൊലീസ് മറ്റൊരു അന്വേഷണ സംഘത്തിന് രൂപം നൽകി.
പത്തുവർഷങ്ങൾക്കിപ്പുറം ഞായറാഴ്ച, ഡിജിപി ഗുർപ്രീത് കൗർ ദിയോയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം, സുഖ്പാലിന്റെ മരണത്തിൽ പൊലീസ് സമർപ്പിച്ച എഫ്ഐആർ വസ്തുതകൾ വളച്ചൊടിച്ചുള്ളതാണെന്നും വ്യാജമാണെന്നും വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രദീപ് വിർക്ക് കേസുമായി മുന്നോട്ടുപോയ കുടുംബത്തെ പ്രശംസിച്ചു. തന്റെ മകന് നീതി കിട്ടിയെന്ന വാർത്ത കേൾക്കാനിന്ന് അമ്മയും, സുഖ്പാൽ സിംഗിന്റെ മകനും ഇല്ല. "എന്റെ അമ്മായിയമ്മ നീതിക്കായുള്ള ഓട്ടത്തിലായിരുന്നു. ഈ നിയമപോരാട്ടത്തിന് തുടക്കമിട്ടത് അവരാണ്. ഏറ്റുമുട്ടൽ വ്യാജമാണെന്ന് അന്വേഷണ സംഘം ഇപ്പോൾ വ്യക്തമാക്കി. 29 വർഷമെടുത്തു. പക്ഷേ എനിക്ക് എന്റെ അമ്മായിയമ്മയെയും മകനെയും നഷ്ടപ്പെട്ടു," ദൽബീർ കൗർ പറഞ്ഞു.
പിതാവ് കൊല്ലപ്പെടുമ്പോൾ മകൾക്ക് ഒരു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അച്ഛനെ കുറിച്ച് ഓർമ്മകളില്ല. "അച്ഛനില്ലാത്ത എന്റെ ജീവിതം എങ്ങനെയുള്ളതാണെന്ന് നിങ്ങൾക്ക് ഊഹിക്കാം. അദ്ദേഹത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല, കാലക്രമേണ എന്താണ് സംഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു", മകൾ ജീവൻജ്യോത് കൗർ പറഞ്ഞു.