ഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി മൂന്നു ദിവസം പിന്നിടുമ്പോൾ എംപിമാർക്കെല്ലാം കത്തയച്ച് സ്പീക്കർ ഓം ബിർള. ലോക്സഭയിൽ നിന്ന് 13 എംപിമാരെ സസ്പെൻഡ് ചെയ്തതിന് സുരക്ഷാ വീഴ്ച സംഭവവുമായി ബന്ധമില്ലെന്നാണ് കത്തിന്റെ ഉള്ളടക്കം.
ഡിസംബർ 13നാണ് സന്ദർശക ഗാലറിയില്ല നിന്ന് രണ്ട് യുവാക്കൾ ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളർ സാനിസ്റ്റർ പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികദിനത്തിലാണ് യുവാക്കളുടെ അതിക്രമം. ഈ വിഷയത്തിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ അടുത്ത ദിവസം ചില എംപിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് ഇപ്പോൾ സ്പീക്കർ വിശദീകരിച്ചിരിക്കുന്നത്.
പാർലമെൻ്റ് അതിക്രമം: ശത്രുരാജ്യവുമായോ തീവ്രവാദ സംഘടനയുമായോ ബന്ധമുണ്ടോയെന്ന് പരിശോധിക്കും'ചില പാർലമെന്റ് അംഗങ്ങളും ചില രാഷ്ട്രീയ പാർട്ടികളും ഈ രണ്ട് സംഭവങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്'- സ്പീക്കർ പ്രസ്താവനയിൽ പറഞ്ഞു. 'അന്യായമാണിത്. ഡിസംബർ 13ന് നടന്ന സംഭവവും എംപിമാരുടെ സസ്പെൻഷനും തമ്മിൽ ബന്ധമില്ല. സഭയുടെ പരിശുദ്ധി പാലിക്കാൻ വേണ്ടി മാത്രമാണ് സസ്പെൻഷൻ'- അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റിൽ യുവാക്കൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ അഞ്ച് പേരാണ് പിടിയിലായത്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പാർലമെൻ്റ് അതിക്രമത്തിന് പിന്നിലെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝായും സംഘവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിച്ചുവെന്നാണ് ദില്ലി പോലീസ് വെള്ളിയാഴ്ച കോടതിയിൽ വ്യക്തമാക്കിയത്. പാർലമെൻ്റിലെ അതിക്രമണം ആസൂത്രണം ചെയ്യാൻ കേസിലെ മറ്റ് പ്രതികളുമായി താൻ പലതവണ കൂടിക്കാഴ്ച നടത്തിയതായി ഝാ സമ്മതിച്ചതായി ഡൽഹി പൊലീസ് പട്യാല ഹൗസ് കോടതിയെ അറിയിച്ചിട്ടുണ്ട്.