ന്യൂഡൽഹി: പാർലമെൻ്റ് അതിക്രമത്തിന് പിന്നിലെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝായും സംഘവും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആഗ്രഹിച്ചുവെന്ന് ദില്ലി പോലീസ് വെള്ളിയാഴ്ച കോടതിയിൽ വ്യക്തമാക്കി. പാർലമെൻ്റിലെ അതിക്രമണം ആസൂത്രണം ചെയ്യാൻ കേസിലെ മറ്റ് പ്രതികളുമായി താൻ പലതവണ കൂടിക്കാഴ്ച നടത്തിയതായി ഝാ സമ്മതിച്ചതായി ഡൽഹി പൊലീസ് പട്യാല ഹൗസ് കോടതിയെ അറിയിച്ചു. കൊൽക്കത്തയിൽ അധ്യാപികനായി ജോലി ചെയ്തിരുന്ന ബീഹാർ സ്വദേശിയായ ഝായെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ശത്രുരാജ്യവുമായോ തീവ്രവാദ സംഘടനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയാൻ ഝായെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പാർലമെൻ്റ് അതിക്രമത്തിന് ശേഷം രാജസ്ഥാനിലേയ്ക്ക് പലായനം ചെയ്ത ഝായെ തെളിവെടുപ്പിനായി രാജസ്ഥാനിലേയ്ക്ക് കൊണ്ടുപോകും. ലളിത് ഝാ, തൻ്റെ ഫോൺ എറിഞ്ഞുകളയുകയും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ ഫോണുകൾ കത്തിക്കുകയും ചെയ്തതായാണ് മൊഴി നൽകിയിരിക്കുന്നത്. ഡൽഹി-ജയ്പൂർ അതിർത്തിക്ക് സമീപം തന്റെ ഫോൺ വലിച്ചെറിഞ്ഞുവെന്നും മറ്റുപ്രതികളുടെ ഫോൺ നശിപ്പിച്ചുവെന്നും ഝാ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
പാർലമെൻ്റിൽ നടന്ന അതിക്രമ സംഭവം പുനരാവിഷ്കരിക്കാൻ പൊലീസ് പാർലമെന്റിന്റെ അനുമതി തേടുമെന്നും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പാർലമെൻ്റിനുള്ളിലും പുറത്തും പുക ബോംബ് പ്രയോഗിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും സുരക്ഷാ ലംഘനം നടത്തിയതിനാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. സാഗർ ശർമ്മയെയും മനോരഞ്ജൻ ഡിയെയും ലോക്സഭാ ചേമ്പറിനുള്ളിൽ നിന്നും നീലം ദേവിയേയും അമോൽ ഷിൻഡേയെയും പാർലമെന്റ് മന്ദിരത്തിന് പുറത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. നാല് പേർക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പാർലമെൻ്റ് അതിക്രമത്തിന് പിന്നിൽ തൊഴിൽ ഇല്ലായ്മ ആണെന്നാണ് ഝായുടെ മൊഴി. വിദേശ ധനസഹായം വഴിയുള്ള വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പാർലമെന്റ് മന്ദിരത്തിനുള്ളിൽ പ്രതികൾ ഉപയോഗിച്ച പുകക്കുഴലുകൾ ഒളിപ്പിച്ച ചെരുപ്പ് നിർമിച്ച പാദരക്ഷ ഡിസൈനറെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. പാർലമെൻ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിക്സൽ-ബൈ-പിക്സൽ തിരിച്ച് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്. സംഭവസ്ഥലത്തെ മൊബൈൽ ഫോൺ ഡാറ്റയും വളരെ സുക്ഷ്മമായി പൊലീസ് ശേഖരിക്കുന്നുണ്ട്. അതിക്രമത്തിൻ്റെ പ്രധാന പ്ലാൻ പരാജയപ്പെട്ടാൽ മറ്റൊരു 'പ്ലാൻ ബി' സംഘം ആസൂത്രണം ചെയ്കിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
പാർലമെൻ്റ് അതിക്രമത്തിന് ശേഷം രാജസ്ഥാനിലേയ്ക്ക് പോയ ഝാ രണ്ട് ദിവസം അവിടെ താമസിച്ചതിന് ശേഷം ദില്ലിയിലെത്തി പൊലീസിന് കീഴടങ്ങുകയായിരുന്നു. സംഭവശേഷം രാജസ്ഥാനിലെ നാഗൗറിത്തിയ ലളിത് ഝായെ ബന്ധുക്കളായ കൈലാഷും മഹേഷ് കുമാവത്തുമാണ് സഹായിച്ചത്. ഇവരാണ് ലളിത് ഝായ്ക്ക് രാജസ്ഥാനിൽ താമസമൊരുക്കിയത്.