ന്യൂഡൽഹി: പാർലമെൻ്റിൽ അതിക്രമം കാണിച്ചവർ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ.തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗമെന്ന നിലയിലാണ് പ്രതികൾ പാർലമെൻ്റിൽ അതിക്രമം കാട്ടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാർലമെൻ്റിന് വെളിയിൽ സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പ്രധാനപ്രതി സാഗർ ശർമ്മ പൊലീസിന് മൊഴി നൽകി. പക്ഷേ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നെന്നും സാഗർ ശർമ്മ മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ച ശൂന്യവേളയിൽ സന്ദർശക ഗാലറിയിൽ നിന്ന് താഴേയ്ക്കേ് ചാടിയ രണ്ട് പ്രതികളിൽ ഒരാളാണ് സാഗർ ശർമ
'ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും അവർക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം പൊരുത്തപ്പെടാത്തതിനാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ഒത്തുചേരാൻ അവർ ആഗ്രഹിച്ചില്ല. പാർലമെൻ്റിന് പുറത്ത് സ്വയം തീകൊളുത്താൻ സംഘം പദ്ധതിയിട്ടിരുന്നു. യഥാർത്ഥത്തിൽ തീപിടിക്കാതിരിക്കാൻ സഹായിക്കുന്ന ജെൽ പോലുള്ള ഒരു വസ്തു വാങ്ങാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഈ ജെൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു. അതിനായി പണം ശേഖരിച്ചു. എന്നാൽ പണമടയ്ക്കാൻ കഴിഞ്ഞില്ലെന്നും', സാഗർ ശർമ്മയെ ഉദ്ധരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇതിനിടെ പ്രതികളെ ഇന്ന് പാർലമെൻ്റിൽ എത്തിച്ച് അതിക്രമം പുനരാവിഷ്കരിക്കും.
ബുധനാഴ്ച ശൂന്യവേളയില് ലഖ്നൗവിൽ നിന്നുള്ള സാഗർ ശർമയും മൈസൂരിൽ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്ശക ഗാലറിയില് നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവർ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര് ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര് നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള് ഇവരെ പിടികൂടി. ഒരാളെ എംപിമാര് പിടികൂടിയപ്പോൾ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതിഷേധക്കാര് അംഗങ്ങൾ ഇരിക്കുന്നിടത്ത് കളര് സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളിൽ സ്പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവർ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാർ ശ്രമിച്ചു. ഇവരിൽ നിന്ന് നിറമുള്ള സ്പ്രേ കാന് പിടികൂടി. പാസ് കിട്ടാത്തതിനെ തുടർന്ന് മറ്റ് രണ്ട് പ്രതികൾ പാർലമെൻ്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പുകബോംബ് ഉപയോഗിക്കുകയുമായിരുന്നു. ലോക്സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ പിന്നീട് കീഴടങ്ങിയ മുഖ്യസൂത്രധാരൻ ലളിത് ഝാ, ഇയാളെ സഹായിച്ച മഹേഷ്, കൈലാഷ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.