വാരണസി: നമോ ഘട്ടിൽ കാശി തമിഴ് സംഗമം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 'അതിഥികളെന്നതിലുപരി, നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്' എന്ന് വാരണസിയിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. തമിഴ് നാട്ടില് നിന്ന് കാശിയടക്കമുള്ള ഉത്തര്പ്രദേശിലെ പുണ്യ സ്ഥലങ്ങള് സന്ദര്ശിക്കാനെത്തിയ സംഘത്തെ സ്വാഗതം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
"തമിഴ്നാട്ടിൽ നിന്ന് വാരണാസിയിലേക്ക് പോകുക എന്നതിനർത്ഥം മഹാദേവന്റെ (പരമശിവൻ) ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് പോകുക എന്നാണ്. അതുകൊണ്ടാണ് തമിഴ്നാട്ടിലെയും വാരണാസിയിലെയും ആളുകൾ തമ്മിലുള്ള ബന്ധം സവിശേഷമാകുന്നത്." കാശി തമിഴ് സംഗമം രാജ്യത്തിന്റെ സാംസ്കാരിക ദേശീയതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് മാത്രം മനസ്സിലാകുന്നവർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. കന്യാകുമാരി - വാരണാസി കാശി തമിഴ് സംഗമം എക്സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസാരിച്ചു.
"കാശിയുടെ മതപരമായ പ്രാധാന്യം കാരണം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുന്നുണ്ട്. കാശി ഇന്ത്യയിലെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമാണ്. കാശിയെപ്പോലെ തമിഴ്നാടും പുരാതന കാലം മുതൽ സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും കലയുടെയും വാസ്തുവിദ്യയുടെയും സാഹിത്യത്തിന്റെയും കേന്ദ്രമാണ് - ആദിത്യനാഥ് പറഞ്ഞു
കാശി തമിഴ് സംഗമം
തമിഴ്നാട്ടിൽ നിന്ന് കാശിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൂട്ടമാണ് തമിഴ് കാശി സംഘം. തമിഴ് സംഘത്തിന്റെ ആദ്യ ബാച്ച് ഡിസംബർ 15-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ടിരുന്നു.ഏകദേശം 1,400 ആളുകളാണ് (200 പേർ വീതമുള്ള ഏഴ് ഗ്രൂപ്പുകൾ) ഇതിൽ ഉൾപ്പെടുന്നത്. സംഘം പ്രയാഗ്രാജും അയോധ്യയും സന്ദർശിക്കും.
വിദ്യാർത്ഥികൾ (ഗംഗ), അധ്യാപകർ (യമുന), പ്രൊഫഷണലുകൾ (ഗോദാവരി), ആത്മീയ (സരസ്വതി), കർഷകരും കരകൗശല വിദഗ്ധരും (നർമ്മദ), എഴുത്തുകാർ (സിന്ധു), വ്യാപാരികളും വ്യവസായികളും (കാവേരി) എന്നീ ഏഴ് ഗ്രൂപ്പുകൾക്ക് ഏഴ് പുണ്യനദികളുടെ പേരുകൾ നൽകിയാണ് സംഘം യാത്ര ചെയ്യുന്നത്. കാശി തമിഴ് സംഗമത്തിന്റെ ആദ്യ ഘട്ടം 2022 ൽ നവംബർ 16 മുതൽ ഡിസംബർ 16 വരെയാണ് സംഘടിപ്പിച്ചത്. ഇത് രണ്ടാം ഘട്ടമാണ്.