ഡല്ഹി: ഐസിഎംആർ വെബ്സൈറ്റിൽ നിന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയ നാല് പേർ അറസ്റ്റിൽ. കോവിഡ് ചികിത്സാ വിവരങ്ങൾ അടക്കം 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് പ്രതികൾ ചോർത്തിയത്. ഡല്ഹി പൊലീസ് സൈബർ വിങ്ങാണ് പ്രതികളെ പിടികൂടിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെ വിവരങ്ങളും ചോർത്തിയതായി പ്രതികൾ സമ്മതിച്ചു.
കോവിഡ് ചികിത്സാ വിവരങ്ങൾ, വാക്സിനേഷൻ വിശദാംശങ്ങൾ എന്നിവ അടക്കം 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള് ഡാര്ക്ക് വെബ്ബില് വില്പ്പനയ്ക്ക് വെച്ചു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുൻപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മൂന്നു സംസ്ഥാനങ്ങളില് നിന്നായിട്ടാണ് ഡൽഹി പൊലീസ് സൈബര് യൂണിറ്റ് പ്രതികളെ പിടികൂടിയത്. പ്രതികളില് ഒരാള് ഒഡീഷയിൽ നിന്നുള്ള ബി ടെക് ബിരുദധാരിയാണ്. ഹരിയാന, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ മറ്റു പ്രതികള്. ഓൺ ലൈൻ ഗെയിമിങ് പ്ലാറ്റ് ഫോമിലൂടെയാണ് പ്രതികൾ മൂന്ന് വർഷം മുൻപ് പരിചയപ്പെട്ടത്. പണം ഉണ്ടാക്കാൻ വിവരങ്ങൾ ചോർത്തി വിൽക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
'എന്നെ പേടിപ്പിക്കാൻ നോക്കണ്ട'; മുഖ്യമന്ത്രിക്കെതിരെ കടുപ്പിച്ച് ഗവർണർഅമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും ആധാറിന് സമാനമായ പാക്കിസ്ഥാനിലെ തിരിച്ചറിയൽ രേഖ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി സംഘം സമ്മതിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. കേന്ദ്ര ഏജൻസികളും പ്രതികളെ ചോദ്യം ചെയ്തു. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.