പാർലമെന്റിൽ കൂട്ട സസ്പെൻഷൻ; നടപടി കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ 78 പേർക്കെതിരെ

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

dot image

ഡൽഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് സസ്പെന്റ് ചെയ്തത്. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും സസ്പെൻഡ് ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. മൂന്ന് എംപിമാർക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സസ്പെൻഷൻ തുടരും. ബാക്കി ഉള്ളവർക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.

സംഭവത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുകയാണ്. സ്വേച്ഛാധിപത്യ സർക്കാർ ജനാധിപത്യ മര്യാദകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. പുക ആക്രമണത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണം. വിശദമായ ചർച്ച നടത്തണമെന്നും ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശസുരക്ഷാ വിഷയം ഉന്നയിച്ചതിനാണ് സസ്പെൻഷൻ ലഭിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. പാർലമെന്ററി ജനാധിപത്യത്തെ കുഴിച്ച് മൂടുന്നു. ബില്ലുകൾ തടസമില്ലാതെ പാസാക്കുകയാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധം തുടർന്നും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയും അമിത് ഷായും പാർലമെന്റിൽ സുരക്ഷ വീഴ്ചയുണ്ടായി എന്ന് സമ്മതിക്കുന്നുവെന്നും ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ന്യായമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പ്രതിഷേധക്കാർക്ക് സന്ദർശക പാസ് നൽകിയ പ്രതാപ് സിംഹ എംപിക്കെതിരെ നടപടിയില്ല. സഭ നടപടികൾ സുഗമമായി മുന്നോട്ട് പോകരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ക്രിമിനൽ ബില്ലുകൾ ചർച്ചക്ക് വരുന്നത് ഒഴിവാക്കാനാണ് സസ്പെൻഷനെന്നും എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു.

'സുരക്ഷാ വീഴ്ചയിൽ കേന്ദ്രം വിശദീകരണം നൽകണം'; പ്രതിപക്ഷ ബഹളം; പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു

സുരക്ഷാ വീഴ്ച സംബന്ധിച്ച് സഭയെ അറിയിക്കാത്തത് സഭാ ചരിത്രത്തിൽ തന്നെ ആദ്യമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. തെറ്റ് ചൂണ്ടിക്കാണിക്കുക എന്ന ചുമതലയാണ് പ്രതിപക്ഷം നിർവഹിക്കുന്നത്. പ്രതിപക്ഷം ചുമതല നിർവഹിക്കുമ്പോൾ പ്രതികാര നടപടി സ്വീകരിക്കുന്നു. പുറത്താക്കിയാൽ പാർലമെന്റിന് പുറത്ത് ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഇ ടി പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. കൂടുതൽ പ്രതിപക്ഷ എംപിമാർ സസ്പെൻഡ് ചെയ്യപ്പെടും. പാർലമെന്റിന് അകത്തുള്ള എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us