ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിലായിരുന്നു ബിൽ അവതരണം. ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കരിക്കാനുള്ളതാണ് ബില്ലുകൾ.
ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. നേരത്തെ മൺസൂൺ സെഷനിൽ അമിത് ഷാ ഈ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മൺസൂണൺ സെഷൻ ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു.
ഈ സമ്മേളനത്തിൻ്റെ തുടക്കത്തിൽ ശിക്ഷാ നിയമങ്ങള്ക്ക് പകരം കൊണ്ടുവന്ന ബില്ലുകള് കേന്ദ്രസര്ക്കാര് താത്കാലികമായി പിൻവലിച്ചിരുന്നു. മാറ്റങ്ങളോടെ പുതിയ ബില്ലുകൾ കൊണ്ടു വരുമെന്ന അറിയിപ്പോടെയായിരുന്നു ബില്ലുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്ലമെൻ്റ് ഉപസമിതി നിയമങ്ങള് പരിശോധിച്ച് ചില തിരുത്തലുകള് ആവശ്യപ്പെട്ടിരുന്നു. ഈ തിരുത്തലുകൾ ഉൾപ്പെടുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് അമിത് ഷാ ഇന്ന് വീണ്ടും സഭയിൽ അവതരിപ്പിച്ചത്. 82 പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്.
'നവകേരള സദസ്സ് ബഹിഷ്കരിച്ചതെന്തിനെന്ന് പോലുമറിയില്ല'; കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രിതിങ്കളാഴ്ച 33 പ്രതിപക്ഷ ലോക്സഭാ അംഗങ്ങളെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ന് 49 പ്രതിപക്ഷ എം പിമാരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത നേരത്തെ മൺസൂൺ സെഷനിൽ തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്പിസിയുടെ ഒമ്പത് വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിച്ചത്.