ന്യൂഡല്ഹി: പാര്ലമെന്റ് സുരക്ഷ വീഴ്ച കേസില് പ്രതികൾ സന്ദേശം കൈമാറിയത് സിഗ്നല് ആപ്പിലൂടെ മാത്രമെന്ന് അന്വേഷണ സംഘം. ക്ലൗഡില് നിന്നും പ്രതികള് വിവരങ്ങള് ഡിലീറ്റ് ചെയ്തു എന്ന് കണ്ടെത്തി. പ്രതികളുടെ ഇ–മെയില് സന്ദേശങ്ങള് വീണ്ടെടുക്കാന് കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീമിന്റെ സഹായം അന്വേഷണ സംഘം തേടും.
മൈസൂരുവിലെ യോഗത്തിന് ശേഷം ഭഗത് സിംഗിന്റെയും ചന്ദ്രശേഖര് ആസാദിന്റെയും പേരിൽ വാട്സാപ്പ് ഗ്രൂപ്പുകള് പ്രതികൾ ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്. പ്രതികൾ അംഗങ്ങളായ ആറ് വാട്സ് ആപ്പ് ഗ്രൂപ്പുകള് ഉണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ലോക്സഭ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്ത എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും.
മല്ലികാര്ജുന് ഖാര്ഗെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാവണം; ഇന്ഡ്യ മുന്നണി യോഗത്തില് ആവശ്യംഅതിനിടെ കേസിലെ പ്രതിയായ നിലം ആസാദിന്റെ വസതിയില് ഡല്ഹിയില് പൊലീസ് പരിശോധന നടത്തി. ഹരിയാന ജിന്ഡയിലെ വസതിയാണ് പരിശോധന നടത്തിയത്. നിലം കോളെജ് കാലഘട്ടത്തില് ഉപയോഗിച്ച ഡയറിയും പുസ്തകങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികളുടെ ഗൂഗിള് പേ, പേടിഎം ഇടപാടുകളും പൊലീസ് പരിശോധിക്കും. ഓണ്ലൈന് പണമിടപാട് വിവരങ്ങള് ലഭിക്കാനാണ് ഇരു കമ്പനികളെയും സമീപിക്കുന്നത്.
'ജസ്റ്റിസ് ഫോര് ആസാദ് ഭഗത് സിംഗ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പ്രതികള് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇന്സ്റ്റഗ്രാമിലും വാട്സ്ആപ്പിലും സംഭവം ആസൂത്രണം ചെയ്തുവെന്നാണ് നിഗമനം. പ്രതികളുടെ ചാറ്റ് വിവരങ്ങളും ഭഗത് സിംഗ് ഫാന് പേജ് സംബന്ധിച്ച വിവരങ്ങള്ക്കുമായി പൊലീസ് ഇതിനകെ മെറ്റയെ സമീപിച്ചിട്ടുണ്ട്.