അനധികൃത സ്വത്ത് സമ്പാദന കേസ്: തമിഴ്നാട് മന്ത്രി പൊൻമുടിക്ക് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

2006-2011 കാലയളവിൽ മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പൊന്മുടി സമ്പാദിച്ചെന്നാണ് കേസ്

dot image

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടിക്ക് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മൂന്ന് വർഷം തടവും 50ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പൊൻമുടിയുടെ ഭാര്യ പി വിശാലാക്ഷിയെയും ഹൈക്കോടതി ശിക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. 2006-2011 കാലയളവിൽ മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പൊന്മുടി സമ്പാദിച്ചെന്നാണ് കേസ്. ഹൈക്കോടതി വിധിയോടെ പൊന്മുടി എംഎല്എ സ്ഥാനത്തു നിന്ന് അയോഗ്യനാകും. തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് പൊന്മുടി.

വരവില് കവിഞ്ഞ് സ്വത്ത് സമ്പാദന കേസില് കെ പൊന്മുടിയെ നേരത്തെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2017ൽ വിചാരണക്കോടതി വിധിക്കെതിരെ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് വിജിലൻസ് നൽകിയ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് പൊന്മുടിക്ക് ഹൈക്കോടതി 1 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ ശിക്ഷാ വിധി നടപ്പിലാക്കുന്നതിൽ കോടതി സ്റ്റേ നൽകിയിട്ടുണ്ട്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(1) പ്രകാരം, സാമ്പത്തിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട നിയമസഭാംഗത്തിന് ശിക്ഷിച്ച തീയതി മുതൽ ആറ് വർഷത്തേക്ക് അയോഗ്യനാക്കണം എന്നാണ് നിയമം. ശിക്ഷ ഒഴിവാക്കുകയോ ശിക്ഷ സ്റ്റേ ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്താൽ മാത്രമേ അയോഗ്യത ഒഴിവാക്കാനാകൂ. നിലവിലെ കേസിന് പുറമെ ഗതാഗത മന്ത്രിയായിരിക്കെയുള്ള മറ്റൊരു അനധികൃത സ്വത്ത് സമ്പാദനക്കേസ് കൂടി പൊന്മുടി നേരിടുന്നുണ്ട്.

dot image
To advertise here,contact us
dot image