ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പില് വിജയസാധ്യതയേറിയ സ്ഥാനാര്ത്ഥികള്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ച ബിഎസ്പി ദേശീയ കോര്ഡിനേറ്ററും മായാവതിയുടെ അനന്തരവനുമായ ആകാശ് ആനന്ദിന് വേണ്ടിയും സീറ്റ് അന്വേഷണം സജീവമാക്കി. ദേശീയ ജനറല് സെക്രട്ടറി സുഭാഷ് ചന്ദ്ര മിശ്രക്ക് വേണ്ടിയും മികച്ച വിജയസാധ്യതയുള്ള സീറ്റ് അന്വേഷിക്കുന്നുണ്ട്.
ആകാശ് ആനന്ദിനെ അംബേദ്കര് നഗറില് നിന്ന് മത്സരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. 60% ദളിത് വോട്ടുകളുള്ള അംബേദ്കര് നഗര് ബിഎസ്പി കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ്. കുടുംബാംഗങ്ങളെ പാര്ട്ടി സംഘടന സംവിധാനത്തിന്റെ ഭാഗമാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മായാവതി നിലപാടില് നിന്ന് മാറി ആകാശ് ആനന്ദാണ് തന്റെ രാഷ്ട്രീയ പിന്ഗാമിയെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യമായിട്ടാണ് ആകാശ് ആനന്ദ് തിരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങുന്നത്.
ഇത് വരെ തിരഞ്ഞെടുപ്പില് മത്സരിക്കാത്ത സുഭാഷ് ചന്ദ്ര മിശ്രയെ അക്ബര്പൂര് മണ്ഡലത്തില് നിന്ന് സ്ഥാനാര്ത്ഥിയാക്കിയേക്കും. കഴിഞ്ഞ തവണ സംസ്ഥാനത്ത് നിന്ന് ബിഎസ്പി എംപിമാരായിരുന്ന പലരും കോണ്ഗ്രസുമായി ബന്ധം പുലര്ത്തുന്നതിനാല് ഭൂരിപക്ഷം മണ്ഡലങ്ങളിലും പുതിയ സ്ഥാനാര്ത്ഥികളെ കണ്ടെത്താനാണ് ബിഎസ്പി ശ്രമിക്കുന്നത്.