ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട്. നോയിഡയിൽ രണ്ട് ദിവസത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററിൽ താഴെയാണ്. റോഡ് - റെയിൽ - വ്യോമ ഗതാഗതത്തെയും മൂടൽ മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്കുളള പതിനൊന്ന് ട്രെയിനുകൾ റദ്ദാക്കി. മുംബൈ സിഎസ്എംടി-അമൃത്സർ എക്സ്പ്രസ്, ഫറാക്ക എക്സ്പ്രസ്, ഹിമാചൽ എക്സ്പ്രസ്, ബ്രഹ്മപുത്ര മെയിൽ, എംസിടിഎം ഉധംപൂർ-ഡൽഹി സരായ് രോഹില്ല എസി എസ്എഫ് എക്സ്പ്രസ്, ലഖ്നൗ മെയിൽ, ദാനാപൂർ-ആനന്ദ് വിഹാർ എക്സ്പ്രസ്, സധാ വിഹാർ എക്സ്പ്രസ്, ആനന്ദ് വിഹാർ ടെർമിനൽ സദ്ഭാവന എക്സ്പ്രസ്, ജമ്മു മെയിൽ, പദ്മാവത് എക്സ്പ്രസ്, കാശി വിശ്വനാഥ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ഇസ്രയേല് എംബസിക്ക് സമീപത്തെ സ്ഫോടനം; പ്രതികളിലേക്ക് എത്താനാകാതെ അന്വേഷണസംഘം,10 പേരെ ചോദ്യം ചെയ്തുവ്യാഴാഴ്ച 22 ട്രെയിനുകൾ വൈകി എത്തിയത് യാത്രക്കാരെ വലച്ചിരുന്നു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും 134 വിമാനങ്ങളാണ് വൈകി എത്തിയത്. 43 ആഭ്യന്തര പുറപ്പെടലുകൾക്കും 28 ആഭ്യന്തര വരവുകൾക്കും കാലതാമസം നേരിട്ടു. CAT III മാനദണ്ഡങ്ങൾ പാലിക്കാത്ത വിമാനങ്ങൾക്ക് തടസ്സം നേരിടേണ്ടിവരുമെന്ന് ഡൽഹി എയർപോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഹരിയാനയിലും പഞ്ചാബിലും അടുത്ത അഞ്ച് ദിവസം വരെ കനത്ത മൂടൽ മഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ അടുത്ത മൂന്ന് ദിവസം വരെ മൂടൽ മഞ്ഞുണ്ടാകും. മൂടൽ മഞ്ഞുളളതിനാൽ ബസ് യാത്രകൾക്ക് ഉത്തർ പ്രേദശ് ഗതാഗത വകുപ്പ് മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൂടൽ മഞ്ഞ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.