വിജയവാഡ: വൈഎസ്ആര് തെലങ്കാന പാര്ട്ടി അദ്ധ്യക്ഷയും വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമ്മിള കോൺഗ്രസിലേക്ക്. ഈ ആഴ്ച തന്നെ കോൺഗ്രസിൽ അംഗത്വമെടുക്കുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശർമ്മിളയുടെ പാർട്ടിയായ വൈഎസ്ആര് തെലങ്കാന പാര്ട്ടി ജനുവരിയിൽ കോൺഗ്രസിൽ ലയിച്ചേക്കുമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.
എഐസിസി ജനറല് സെക്രട്ടറിയായി ശര്മ്മിളയ്ക്ക് ഉത്തരവാദിത്വം നല്കാനാണ് ഹൈക്കമാന്ഡ് തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത വര്ഷം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും വലിയ ഉത്തരവാദിത്വം ശര്മ്മിളയ്ക്ക് കോണ്ഗ്രസ് നല്കിയേക്കും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ശര്മ്മിളയുടെ സഹോദരനുമായ വൈ എസ് ജഗന് മോഹന് റെഡ്ഡിയ്ക്ക് മികച്ച എതിരാളിയെ സമ്മാനിക്കുക എന്നതാണ് ശര്മ്മിളയിലൂടെ കോണ്ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ തെലങ്കാന കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചാണ് ശര്മ്മിള പ്രവര്ത്തിച്ചിരുന്നത്. തെലങ്കാനയിലെ കോണ്ഗ്രസില് പ്രധാനപ്പെട്ട സ്ഥാനമായിരുന്നു ശര്മ്മിള ആവശ്യപ്പെട്ടിരുന്നത്. എന്നാല് അതിന് കോണ്ഗ്രസ് സംസ്ഥാന നേതൃത്വം സമ്മതിച്ചിരുന്നില്ല. അതിനെ തുടര്ന്ന് ചര്ച്ചകള് നിലച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ചര്ച്ചകള് വീണ്ടും ആരംഭിച്ചത്.
ആന്ധ്രയില് കോണ്ഗ്രസിനെ നയിക്കാന് വൈ എസ് ശര്മ്മിള?; ജനുവരിയില് പാര്ട്ടിയില് ചേരുംഎഐസിസി ജനറല് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന് തയ്യാറാണെന്ന് ശര്മ്മിള ഹൈക്കമാന്ഡിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു വടക്കേ ഇന്ത്യന് സംസ്ഥാനത്തിന്റെ ചുമതലയുണ്ടാവും. ലോക്സഭ തിരഞ്ഞെടുപ്പില് ആന്ധ്രപ്രദേശില് പ്രചരണം നടത്തും. സംസ്ഥാനത്ത് രണ്ട് പൊതുയോഗങ്ങളില് പങ്കെടുക്കാമെന്ന് ശര്മ്മിള സമ്മതിച്ചിട്ടുണ്ട്.
വിശാഖപട്ടണത്തും വിജയവാഡയിലും നടക്കുന്ന പൊതുയോഗങ്ങളിലാണ് ശര്മ്മിള പങ്കെടുക്കുക. വിശാഖപട്ടണത്തെ യോഗത്തില് പ്രിയങ്ക ഗാന്ധിയും വിജയവാഡയിലെ യോഗത്തില് രാഹുല് ഗാന്ധിയും പങ്കെടുക്കും. റായസലസീമ മേഖലയിലെ പൊതുയോഗത്തില് പങ്കെടുക്കാനും ശര്മ്മിളയോട് കോണ്ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില് ശര്മ്മിള തീരുമാനമെടുത്തിട്ടില്ല. സഹോദരനായ ജഗന്റെ റായലസീമയിലെ വോട്ട് ബാങ്ക് തകര്ക്കാന് ശര്മ്മിളയ്ക്ക് താല്പര്യമില്ലെന്നതാണ് ഇക്കാര്യത്തില് തീരുമാനമാവാത്തതിനുള്ള കാരണം.