ഇംഫാൽ: മണിപ്പൂരിലെ തെങ്നൗപാൽ ജില്ലയിലെ മോറെയിൽ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ മ്യാൻമറിൽ നിന്നുള്ള കൂലിപ്പടയാളികളുടെ പങ്കാളിത്തം സംശയിക്കുന്നതായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങ്. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരെ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സന്ദർശിച്ചതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്. സുരക്ഷാ സേനയുടെ സംയുക്ത ടീമിന് നേരെയുണ്ടായ ആക്രമണത്തിൽ തോക്കുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചതായി മണിപ്പൂർ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഭീകരർ ഉപയോഗിച്ചത് അത്യാധുനിക ആയുധങ്ങളാണെന്നത് ആക്രമണത്തിൻ്റെ തീവ്രത തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കി. 'മ്യാൻമറിൽ നിന്നുള്ള വിദേശ കൂലിപ്പടയാളികളുടെ പങ്കാളിത്തം ഞങ്ങൾ സംശയിക്കുന്നു. അടുത്തിടെ മോറെയിൽ നടന്ന ആക്രമണത്തിൽ കുക്കി നാഷണൽ ആർമി, ബർമ (കെഎൻഎ-ബി) ഉൾപ്പെട്ടിരിക്കാം. അത്തരം ഭീഷണികൾക്ക് സർക്കാർ വഴങ്ങില്ല. സമ്മർദം ചെലുത്തുകയും അത്തരം ഭീകരപ്രവർത്തനങ്ങളെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. മണിപ്പൂരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഇതിന് കാരണക്കാരായവർക്കെതിരെ സ്വീകരിക്കുന്ന നിർണായക നടപടികളിലൂടെ ഇരകൾക്ക് നീതി ഉറപ്പാക്കും' ബീരേൻ സിങ്ങ് പിന്നീട് എക്സിൽ കുറിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30ഓടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരക്ഷാ സേനയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ആറ് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെയെല്ലാം ഇംഫാലിലേക്ക് എയർലിഫ്റ്റ് ചെയ്തു. അവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. പുതുവത്സരദിനത്തിൽ തൗബാൽ ജില്ലയിലെ ലിലോംഗിൽ നടന്ന ആക്രമണത്തിൽ നാല് മെയ്തേയ് മുസ്ലീങ്ങൾ (പംഗലുകൾ) കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള പ്രദേശത്ത് വാഹനങ്ങളിലെത്തിയ ആയുധധാരികൾ നടത്തിയ വെടിവെപ്പിലാണ് സംഭവം. ഗ്രാമവാസികളായ എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ദൗലത്ത് (30), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് പരാതി സമർപ്പിച്ചിട്ടുണ്ട്. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് മെയ്തേയി പാങ്ഗൽസാണ് പരാതി തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ സംരക്ഷിക്കാനായി വില്ലേജ് പ്രൊട്ടക്ഷൻ ഫോഴ്സ് രുപീകരിക്കാൻ അനുവദിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മെയ്തേയി മുസ്ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത്തരത്തിൽ ഗ്രാമസുരക്ഷസേന രുപീകരിക്കാൻ അനുവദിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്താൻ മണിപ്പൂർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മണിപ്പൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മൊഹദ് റിയജുദ്ദീൻ ഷായാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നിരോധിത തീവ്രവാദ സംഘടനയായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്) ചൊവ്വാഴ്ച നടന്ന ലിലോംഗ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.