ഭോപ്പാൽ: പട്ടാഭിഷേകത്തിനായുള്ള കാത്തിരിപ്പ് ചിലപ്പോൾ വനവാസത്തിൽ അവസാനിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. 2023 നവംബറിൽ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു. എന്നാൽ നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ മാറ്റി പകരം മോഹൻ യാദവിനെ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുക്കുകായിരുന്നു. ഇതേ തുടർന്നാണ് ചൗഹാന്റെ പ്രതികരണം.
തന്റെ അസംബ്ലി മണ്ഡലമായ ബുധ്നിയിലെ ഷാഗഞ്ച് എന്ന സ്ഥലത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ശിവരാജ് ചൗഹാൻ വികാരാധീനനായത്. താൻ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് തന്റെ സഹോദരിമാർക്കിടയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സദസ്സിലിരുന്ന സ്ത്രീകൾ "ഭയ്യാ (സഹോദരാ), ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടും പോകരുത്" എന്ന് വിളിച്ചു പറഞ്ഞപ്പോൾ "ഞാൻ എവിടെയും പോകില്ല. ഇവിടെ ജീവിക്കുകയും ഇവിടെ മരിക്കുകയും ചെയ്യും" എന്ന് ചൗഹാൻ മറുപടി നൽകി.
മുൻ ബിജെപി സർക്കാർ ആരംഭിച്ച ലാഡ്ലി ബെഹ്ന യോജന (സ്ത്രീക്ഷേമം), ഭവന പദ്ധതി, ഓരോ കുടുംബത്തിനും ഒരു ജോലി എന്ന പദ്ധതി, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിലവിലെ സർക്കാർ നിറവേറ്റും എന്നും ചൗഹാൻ ജനങ്ങൾക്ക് ഉറപ്പ് നൽകി. സംസ്ഥാനത്ത് കോൺഗ്രസിന്റെ സർക്കാരല്ല ബിജെപിയുടെ സർക്കാരാണ് ഉള്ളത്, അതിനാൽ ഈ പദ്ധതികളെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
"പുതിയ സർക്കാർ നിലവിലുള്ള വികസന പ്രവർത്തനങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോകും. എല്ലാത്തിനും പിന്നില് വലിയ ലക്ഷ്യം ഉണ്ടായിരിക്കും. 'രാജ്തിലക്' (പട്ടാഭിഷേകം) നടക്കുമ്പോൾ, ചിലപ്പോള് ഒരാൾ 'വനവാസ'ത്തിൽ പോകേണ്ടി വരാം. എന്നാൽ ഇതെല്ലാം സംഭവിക്കുന്നത് മറ്റ് ചില വലിയ ലക്ഷ്യങ്ങൾ നിറവേറ്റാനാണ്." ചൗഹാൻ പറഞ്ഞു. ഷാഗഞ്ചിൽ എത്തിയ ചൗഹാനെ ബിജെപി പ്രവർത്തകരും സ്ത്രീകളും ചേർന്ന് സ്വീകരിച്ചു.
വണ്ടിപ്പെരിയാർ കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രിബുധ്നി അസംബ്ലി മണ്ഡലത്തിൽ നിന്ന് എതിരാളിയായ കോൺഗ്രസിന്റെ വിക്രം മസ്തലിനെക്കാൾ 1.04 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചൗഹാൻ വിജയിച്ചത്. 2023 നവംബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ, 230 നിയമസഭാ സീറ്റുകളിൽ 163 സീറ്റുകളും ബിജെപി നേടി അധികാരം നിലനിർത്തിയിരുന്നു. എന്നാൽ നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി പദത്തില് നിന്ന് മാറ്റിനിര്ത്തുകയായിരുന്നു.