ന്യൂഡല്ഹി: പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നല്കിയ ഹർജിയില് സുപ്രീം കോടതി ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ മറുപടി തേടി. ഹര്ജി മാര്ച്ച് 11ന് പരിഗണിക്കാന് മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചോദ്യം ചോദിക്കാന് കോഴ വാങ്ങി എന്ന ആരോപണത്തിലാണ് ലോക്സഭയിൽ നിന്നും മഹുവ മൊയ്ത്ര അയോഗ്യയാക്കപ്പെട്ടത്.
ചോദ്യത്തിന് കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു മഹുവയുടെ പ്രധാന വാദം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപിക്കോ മുന് പങ്കാളി ആനന്ദ് ദെഹദ്രായിക്കോ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാന് കഴിഞ്ഞില്ല. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്ശന് ഹിരാനന്ദാനി നല്കിയ സത്യവാങ് മൂലത്തിലും താന് പണം വാങ്ങിയെന്ന് പറയുന്നില്ല. ചോദ്യങ്ങള് തയ്യാറാക്കാന് പല എംപിമാരും പാര്ലമെന്റ് പോര്ട്ടലിന്റെ ലോഗിന് വിവരങ്ങള് കൈമാറാറുണ്ടെന്നും താനും അതേ ചെയ്തിട്ടുള്ളൂവെന്നും മഹുവയുടെ വാദിച്ചു. തന്റെ ഭാഗം വിശദീകരിക്കാന് എത്തിക്സ് കമ്മിറ്റി അവസരം നല്കിയില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് മഹുവയുടെ പക്ഷം.
'രാജ്യം മോദി ഗ്യാരൻ്റിയെ പറ്റി ചർച്ച ചെയ്യുന്നു'; എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിഅവകാശ ലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ് എന്ന് ടിഎംസിയും ഇന്ത്യ മുന്നണിയും നേരത്തെ മുതൽ ആരോപിക്കുന്നുണ്ട്. എന്നാൽ പുറത്താക്കൽ നടപടി ശുപാർശ ചെയ്തത് എത്തിക്സ് കമ്മിറ്റിയാണ്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിൽ വരേണ്ടത്. പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശുപാർശ നൽകാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു കഴിയും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മഹുവ സുപ്രീംകോടതിയെ സമീപിച്ചത്.
പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു.