ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്. സനാതന ധര്മ്മ വിവാദത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച്ചയാണ് ഡല്ഹിയില് നടന്നത്. തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ഉദയനിധി സ്റ്റാലിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ജനുവരി 19 ന് ചെന്നൈയില് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിമിലേക്കും ഉദയനിധി പ്രധാനമന്ത്രിയെ ക്ഷണിച്ചു. ഇക്കാര്യം എക്സിലൂടെയാണ് മന്ത്രി അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും മോദി വേദി പങ്കിട്ടിരുന്നു. തമിഴ്നാട് പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഫണ്ട് അനുവദിക്കണമെന്നുമുള്ള സമാനമായ ആവശ്യം സ്റ്റാലിനും ഉന്നയിച്ചിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്ര; റൂട്ട് മാപ്പ് പുറത്തുവിട്ടു, കൂടുതല് ദിവസം ഉത്തര്പ്രദേശിലൂടെസനാതന ധര്മ്മവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്ശത്തില് ഇപ്പോഴും കേസ് നിലനില്ക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയും ഡിഎംകെയും തമ്മിലുള്ള പരസ്യ വാക്പോരിന് പരാമര്ശം വഴിവെച്ചിരുന്നു. സനാതന ധര്മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്ക്കപ്പെടേണ്ടതല്ല, പൂര്ണ്ണമായും നിര്മ്മാര്ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്ശം. സനാതന ധര്മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു. തുടര്ന്ന് ഉദയനിധി സ്റ്റാലിനെതിരെ ഉത്തര്പ്രദേശിലും മഹാരാഷ്ട്രയിലും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.