മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യം; പൊതുതാല്പര്യ ഹര്ജി സുപ്രീം കോടതി തള്ളി

മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കണമെന്നും മസ്ജിദ് നീക്കം ചെയ്യണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

dot image

ന്യൂഡൽഹി: മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്ജി സുപ്രീം കോടതി തള്ളി. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കുന്നതിനും മസ്ജിദ് നീക്കം ചെയ്യുന്നതിനുമുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. പൊതുതാല്പര്യ ഹര്ജിയില് ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേ വിഷയത്തില് നിരവധി ഹർജികള് വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില് പൊതുതാല്പര്യ ഹര്ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ഏത് നിയമനിർമ്മാണത്തിന്റെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹർജിക്കാരന് പ്രത്യേക ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹെക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

ഒരേ വിഷയത്തിൽ നിരവധി സിവിൽ കേസുകൾ നിലനിൽക്കുന്നതിനാൽ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. മഹേശ്വരിയുടെ ഹർജി ഹൈക്കോടതി തള്ളുക മാത്രമാണ് ചെയ്തതെന്ന് അഭിഭാഷകൻ പരാതിപ്പെട്ടു.'നമുക്ക് കേസുകളുടെ ബാഹുല്യം ഉണ്ടാകരുത്. നിങ്ങൾ ഇത് ഒരു പൊതുതാൽപ്പര്യ ഹർജിയായി ഫയൽ ചെയ്തു, അതിനാലാണ് തള്ളിയത്. അല്ലാത്ത വിധത്തിൽ ഫയൽ ചെയ്യുക, ഞങ്ങൾ നോക്കാം' എന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഹർജിക്കാരന് പ്രത്യേകം ഫയൽ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ്റെ അഭിഭാഷകനോട് 'ഇത് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്' എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി. 'ഇത് ഒരു പ്രത്യേക ഹർജിയായി സമർപ്പിക്കാമോ'യെന്ന് അഭിഭാഷകൻ വീണ്ടും ചോദിച്ചപ്പോൾ 'അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊതുതാൽപര്യ ഹർജിയായിട്ടല്ല', എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി. ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ഇതിനകം തീർപ്പുകൽപ്പിക്കാത്ത സ്യൂട്ടുകൾ പരിഗണനയിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ മഹേശ്വരിയുടെ പൊതുതാൽപ്പര്യ ഹർജി തള്ളിയത്.

മസ്ജിദ് കോമ്പൗണ്ടിൽ ഒന്നെങ്കിൽ മുസ്ലീം സ്വഭാവമോ ഹിന്ദു സ്വഭാവമോ ഉണ്ടാകാമെന്നും അത് പ്രശ്നങ്ങൾ രൂപപ്പെടുന്ന ഘട്ടത്തിൽ തീരുമാനിക്കാൻ കഴിയില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ഒരു സ്യൂട്ടിൽ നടത്തിയ എഎസ്ഐ സർവേ മറ്റ് സ്യൂട്ടുകളിലും ഫയൽ ചെയ്യുമെന്നും കോടതി പറഞ്ഞിരുന്നു. ഏതെങ്കിലും ഭാഗത്തിന്റെ സർവേ ആവശ്യമാണെന്ന് കീഴ്ക്കോടതിക്ക് തോന്നുന്നുവെങ്കിൽ, സർവേ നടത്താൻ കോടതിക്ക് എഎസ്ഐയോട് നിർദ്ദേശിക്കാമെന്നും അലഹബാദ് കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ ഗ്യാന്വാപി പള്ളി കൈവശപ്പെടുത്തിയിരിക്കുന്ന തർക്ക സ്ഥലത്ത് ഒരു പുരാതന ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സ്യൂട്ടാണ് വാരണാസി കോടതിയുടെ പരിഗണനയിലുള്ളത്.

ഗ്യാന്വാപി മസ്ജിദിലെ അവകാശത്തര്ക്കത്തില് ഹിന്ദു വിശ്വാസികളുടെ ക്ഷേത്ര നിര്മ്മാണ ആവശ്യം നിലനില്ക്കുമെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഹര്ജി നല്കാന് 1991ലെ ആരാധനാലയ നിയമം തടസ്സമല്ല. വാരണാസി കോടതിയുടെ 2021ലെ എഎസ്ഐ സർവേ ഉത്തരവ് 1991ലെ ആരാധനാലയ നിയമപ്രകാരം വിലക്കപ്പെട്ടിട്ടില്ലെന്നും കോടതി വിധിച്ചിരുന്നു. അവകാശത്തര്ക്കം ആറ് മാസത്തികം തീര്പ്പാക്കണമെന്നും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്ജുമന് മസ്ജിദ് ഭരണസമിതി നല്കിയ ഹര്ജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ജ്ഞാനവാപി തർക്കവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട അഞ്ച് സ്യൂട്ടുകളെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് നിരസിച്ചിരുന്നു.

ഗ്യാൻവാപി മാതൃകയില് മഥുരയില് സര്വ്വേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാനും നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സ്റ്റേക്ക് വിസമ്മതിച്ചത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ മഥുര കോടതിയിലേയ്ക്ക് മാറ്റാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ മോസ്ക് കമ്മിറ്റി നൽകിയ പ്രത്യേക ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോസ്ക് കമ്മിറ്റി കോടതിയിൽ പരാമർശിച്ചത്. വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്വിഎന് ഭാട്ടിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ഹർജിക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ ജനുവരി 9ന് കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us