'ബംഗാളിലെ ക്രമസമാധാന നില തകർന്നു, സൈന്യത്തെ അയയ്ക്കണം'; ആരോപണവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി

ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും സർക്കാരിനെയും കടന്നാക്രമിച്ച് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരിക്കുന്നത്.

dot image

കൊൽക്കത്ത: ബംഗാളിലെ ക്രമസമാധാന നിലതകർന്നെന്ന ആരോപണവുമായി ലോക്സഭയിലെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് അധിർരഞ്ജൻ ചൗധരി രംഗത്ത്. ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും സർക്കാരിനെയും കടന്നാക്രമിച്ച് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ബംഗാളിൽ ഇഡി സംഘം ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാളെ കൊലപാതകം നടന്നേക്കുമെന്നുമായിരുന്നു അധിർ രഞ്ജൻ്റെ വിമർശനം. ഭരണകക്ഷിയായ ടിഎംസിയുടെ ഗുണ്ടകളാണ് ഇഡിക്കെതിരെ ആക്രമണം നടത്തിയതെന്ന് ആരോപിച്ച അധിർ രഞ്ജൻ ക്രമസമാധാന നില തകർന്ന ബംഗാളിലേയ്ക്ക് കൂടുതൽ സൈനികരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അധിർ രഞ്ജൻ്റെ നിലപാട് ഇൻഡ്യ സഖ്യത്തിൻ്റെ കൂട്ടായ്മയിൽ വിള്ളൽ ഉണ്ടാക്കുമെന്നും വിലയിരുത്തലുകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്ത മമത ബാനര്ജിക്കെതിരെ നേരത്തെ അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചതും കോൺഗ്രസ്-ടിഎംസി ബന്ധത്തെ ബാധിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ബംഗാൾ ഗവർണർ സി വി ആനന്ദബോസും രംഗത്തെത്തി. നികൃഷ്ടമായ സംഭവമാണുണ്ടായതെന്നായിരുന്നു സി വി ആനന്ദബോസിൻ്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആക്രമണമാണ്. പ്രാകൃതമായ ഇത്തരം അക്രമങ്ങൾ തടയുക എന്നത് പരിഷ്കൃത സർക്കാരിന്റെ കടമയാണ്. സർക്കാർ അടിസ്ഥാന കടമ മറന്നാൽ രാജ്യത്തിന്റെ ഭരണഘടന നടപടിയെടുക്കും എന്നും ആനന്ദബോസ് മുന്നറിയിപ്പ് നൽകി.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ റെയ്ഡിന് പോയ ഇഡി സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി സംഘം റെയ്ഡിനെത്തിയത്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിനെത്തിയ സംഘത്തെയാണ് 200ഓളം വരുന്ന പ്രദേശവാസികൾ ആക്രമിച്ചത്. സംഘം ഇഡി ഉദ്യോഗസ്ഥരെയും അർധ സൈനിക വിഭാഗത്തേയും വളഞ്ഞിട്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇ ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങളും ആൾക്കൂട്ടം തകർത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us