ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്ക്ക് ശിക്ഷായിളവ് നല്കിയത് ചോദ്യം ചെയ്തുള്ള ഹര്ജിയില് സുപ്രീം കോടതി നാളെ വിധി പറയും. ബില്കിസ് ബാനുവിനെ ബലാത്സംഗത്തിന് വിധേയമാക്കിയവര്ക്കും കൊലപാതക കേസുകളില് ശിക്ഷിക്കപ്പെട്ടവവര്ക്കും ശിക്ഷാഇളവ് നല്കിയ ഗുജറാത്ത് സര്ക്കാരിന്റെ നടപടി ചോദ്യം ചെയ്തുളള ഹര്ജികളിലാണ് വിധി. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വല് ഭുയന് എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. ശിക്ഷാഇളവ് നേടിയവര് 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗ കേസുകളിലും പ്രതികളാണ്.
ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല് ശിക്ഷായിളവ് അര്ഹിക്കുന്നില്ല. മതവിരുദ്ധത മുന്നിര്ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്ക്കാര് തീരുമാനമെടുത്തത്, കുറ്റകൃത്യം ചെയ്തവര് ഇളവ് അര്ഹിക്കുന്നില്ല എന്നുമായിരുന്നു ബില്ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം. 1992ലെ ശിക്ഷാ ഇളവ് നയപ്രകാരമാണ് തീരുമാനമെടുത്തത് എന്നായിരുന്നു ഗുജറാത്ത് സര്ക്കാരിന്റെ മറുപടി വാദം.
പ്രതികൾക്ക് നൽകിയ ഇളവ് ചോദ്യം ചെയ്ത് ഒരു കൂട്ടം പൊതുതാൽപ്പര്യ ഹർജികൾ തുടക്കത്തിൽ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് ബിൽക്കിസ് ബാനു തന്നെ വിഷയത്തിൽ റിട്ട് ഹർജി നൽകി. സിപിഐഎം നേതാവ് സുഭാഷിണി അലി, പ്രൊഫസർ രൂപലേഖ വർമ, മാധ്യമപ്രവർത്തക രേവതി ലോൽ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, മുൻ ഐപിഎസ് ഓഫീസർ മീരൻ ചദ്ദ ബൊർവാങ്കർ, നാഷണൽ ഫെഡറേഷൻ ഓഫ് വുമൺ ഉൾപ്പെടെയുള്ളവരാണ് പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ ശിക്ഷാകാലാവധിക്കുമുമ്പ് വിട്ടയക്കുന്നതിൽ പ്രിസൈഡിംഗ് ജഡ്ജിയും അന്വേഷണ ഉദ്യോഗസ്ഥനും എതിർപ്പ് ഉന്നയിച്ചെങ്കിലും ഇളവ് അനുവദിച്ചതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത തടവുകാരെ മോചിപ്പിച്ചത് ഭയവും വൈകാരിക ആഘാതവും ഉണ്ടാക്കിയതായി ബിൽക്കിസ് ബാനു വാദിച്ചു.
'തല പാറയിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ബിൽക്കിസിൻ്റെ മൂന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ എട്ട് പ്രായപൂർത്തിയാകാത്തവർ കൊല്ലപ്പെട്ടു, ഗർഭിണിയായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി, പ്രസവിച്ച് അധിക നാളുകളാകാത്ത സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആകെ 14 കൊലപാതകങ്ങൾ. മൃതദേഹങ്ങൾ കണ്ടെടുത്ത അവസ്ഥ ഹൃദയഭേദകമാണ്, ഹൈക്കോടതി അത് വിശദമായി വിവരിച്ചിട്ടുണ്ട്. ക്രൂരവും പ്രാകൃതവുമായിരുന്നു ഈ കുറ്റകൃത്യങ്ങൾ. ഒരു നിശ്ചിത ശിക്ഷാ കാലയളവ് വിധിച്ച കേസിൽ സർക്കാർ പരിഗണിക്കാൻ അവഗണിച്ച ഘടകങ്ങളാണ് ഇവിടെ വിഷയം. ഇളവ് അനുവദിക്കേണ്ട കേസല്ല ഇത്. ഇത്തരക്കാർ പുറത്തുവന്നാൽ സമൂഹത്തിൽ എന്ത് പ്രത്യാഘാതം ഉണ്ടാകും. ശിക്ഷിക്കപ്പെടുമ്പോഴുള്ള പരിഗണനകൾ പൂർണ്ണമായും അവഗണിക്കാനാവില്ല', എന്നായിരുന്നു ബിൽക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷകയായ ശോഭ ഗുപ്തയുടെ വാദം.
14 വർഷം ശിക്ഷ പൂർത്തിയാക്കിയ 11 പ്രതികളെയും അവരുടെ പെരുമാറ്റം നല്ലതാണെന്ന് കണ്ടാണ് വിട്ടയക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. കേസ് സിബിഐ അന്വേഷിച്ചതിനാൽ കേന്ദ്രസർക്കാരിന്റെ ആവശ്യമായ അനുമതിയോടെയാണ് തീരുമാനമെന്നും ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, അഭിഭാഷകരായ വൃന്ദ ഗ്രോവർ, അപർണ ഭട്ട്, നിസാമുദ്ദീൻ പാഷ, പ്രതീക് ആർ ബോംബാർഡെ എന്നിവരാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ച വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിൽ ഹാജരായത്. ഗുജറാത്ത് സർക്കാരിനും കേന്ദ്ര സർക്കാരിനും വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് ഹാജരായത്. ശിക്ഷാ കാലാവധി തീരുന്നതിന് മുൻപ് വെറുതെവിട്ട 11 പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലൂത്ര, ഋഷി മൽഹോത്ര, എസ് ഗുരു കൃഷ്ണകുമാർ, അഭിഭാഷക സോണിയ മാത്തൂർ തുടങ്ങിയവരും ഹാജരായി.