മുംബൈ: എംഎൽഎമാരെ അയോഗ്യരാക്കണമെന്ന തർക്കത്തിൽ ശിവസേന ഷിൻഡെ വിഭാഗത്തിന് ആശ്വാസം. ഏകനാഥ് ഷിൻഡെ വിഭാഗത്തിന്റെ എംഎൽഎമാർ അയോഗ്യരല്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ പ്രഖ്യാപിച്ചു. 2018 ൽ ഭേദഗതി ചെയ്ത പാർട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ ഇല്ലാത്തതിനാൽ സാധുതയുളളതായി കണക്കാക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനൊടുവിലാണ് ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തത്.
രേഖകൾ അനുസരിച്ച് 1999-ലെ ഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു. നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദേശീയ എക്സിക്യൂട്ടീവ് ആണ് പരമോന്നത സമിതി എന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നത്. അതുകൊണ്ട് ശിവസേന നേതാവ് ബാൽ താക്കറെയുടെ താത്പര്യമാണ് പാർട്ടിയുടെ തീരുമാനമെന്ന താക്കറെ വിഭാഗത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
'ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; അജിത് പവാറിനെ കണ്ട് ഉദ്ദവ് താക്കറെനേരത്തെ വിഷയത്തിൽ തീരുമാനം എടുക്കാൻ സ്പീക്കർ വൈകുന്നുവെന്ന് സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുളള നടപടികൾക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിർദേശങ്ങളോട് ബഹുമാനം പുലർത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ തീരുമാനം ഉദ്ദവ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നൽകിയത്.
2022 ജൂണിലാണ് ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ പക്ഷം ബിജെപിയിലേക്ക് ചേക്കേറി സർക്കാർ രൂപീകരിച്ചത്. പാർട്ടിയുടെ ചിഹ്നത്തിനായും പേരിനായും ഇരുവിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടായിരുന്നു. ഷിൻഡെക്കൊപ്പം പോയ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. പിന്നീട് സ്പീക്കറുടെ തീരുമാനം വൈകിയതോടെ ഉദ്ദവ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.