ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിലാണ് സംഭവം. ഒരു മണിക്കൂറിലധികം വെടിവെപ്പ് നീണ്ടു നിന്നതായി പ്രദേശവാസികൾ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അക്രമികൾ വെടിവെച്ചതോടെ സുരക്ഷാ സേന തിരിച്ചു വെടിവച്ചു. പ്രദേശത്ത് ഇടയ്ക്കിടെ വെടിവെപ്പുണ്ടാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതുവത്സര ദിനത്തിലും സംഘർഷമൊഴിയാതെ മണിപ്പൂർ; വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടുഅതേസമയം ബിഷ്ണുപൂർ- ചുരാചന്ദ്പൂർ ജില്ലകൾക്കിടയിലുളള വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയ നാല് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ദാരാ സിംഗ്, ഇബോംച സിംഗ്, റോമൻ സിംഗ്, ആനന്ദ് സിംഗ് എന്നിവരെയാണ് കാണാതായത്. കുംബി നിയമസഭാ മണ്ഡലത്തിലാണ് സംഭവം. കേന്ദ്രസേനയുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പുതുവത്സര ദിനത്തിലും മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. തൗബാലിലും ഇംഫാലിലുമാണ് വെടിവെപ്പുണ്ടായത്. അജ്ഞാതരായ സായുധസംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് തൗബാൽ, ഇംഫാൽ ഈസ്റ്റ്, കാക് ചിംഗ്, ബിഷ്ണു പൂർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.